തിരുവനന്തപുരം : ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി സി.എം വിത്ത് മി എന്ന പദ്ധതി ആരംഭിക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിൽ സിറ്റിസൺ കണക്ട് സെന്റർ തുടങ്ങും. സംവിധാനങ്ങളും നടത്തിപ്പും മേൽനോട്ടവും പൊതുജന സമ്പർക്ക വകുപ്പും റവന്യൂ വകുപ്പും ഉറപ്പാക്കണം. പ്രചാരണത്തിന് പി.ആർ.ഡിക്ക് 20 കോടി രൂപ അനുവദിക്കും.
അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും നൽകുന്നതിന് കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തി. കെ.എ.എസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും. ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ജനകീയ ഇടപെടലുണ്ടാക്കുക, പൊതുജനങ്ങളുടെ പരാതികൾക്ക് മറുപടി ഉറപ്പാക്കുക. ജനസമ്പർക്കത്തിലൂടെ ജനപങ്കാളിത്തം വർദ്ധിപ്പിക്കുക, വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കി സർക്കാർ സഹായം വേഗത്തിലാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിന്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |