ന്യൂഡൽഹി: ഫെഡറേഷൻ ഒഫ് ഇന്ത്യൻ പബ്ലിഷേഴ്സിന്റെ 2019ലെ മികച്ച പുസ്തക നിർമ്മിതിക്കും രൂപകല്പനയ്ക്കുമുള്ള 13 ദേശീയ പുരസ്കാരങ്ങൾ ഡി.സി ബുക്സിന് ലഭിച്ചു. ജനറൽ ബുക്സ് (പ്രാദേശികഭാഷ) വിഭാഗത്തിൽ ദേവ്ദത്ത് പട്നായിക് രചിച്ച ജയമഹാഭാരതം, കുട്ടികളുടെ പുസ്തകവിഭാഗത്തിൽ (പ്രാദേശികഭാഷ) അഷിത രചിച്ച കൊറ്റിയും കുറുക്കനും, സച്ചിദാനന്ദന്റെ പശുവും പുലിയും, കുട്ടികളുടെ വിഭാഗത്തിൽ (ഇംഗ്ലീഷ്) വിക്രമാദിത്യൻ ആൻഡ് വേതാളം, വെസ്റ്റിൻ വർഗീസിന്റെ ദ ഷാഡോ ഒഫ് ദ സ്റ്റീം എൻജിൻ എന്നിവ പുരസ്കാരം നേടി.
ടെക്സ്റ്റ് ബുക്സ് ആൻഡ് റഫറൻസ് ബുക്സ് വിഭാഗത്തിൽ (പ്രാദേശികഭാഷ) ഉപിന്ദർ സിംഗ് രചിച്ച പ്രാചീന-പൂർവ്വ-മദ്ധ്യകാല ഇന്ത്യാചരിത്രം, ശാസ്ത്ര- സാങ്കേതിക-മെഡിക്കൽ ബുക്സ് വിഭാഗത്തിൽ (പ്രാദേശികഭാഷ) പ്രണയ് ലാലിന്റെ ഇൻഡിക, കവർ ജാക്കറ്റ് (പ്രാദേശികഭാഷ) വിഭാഗത്തിൽ രൂപിക ചൗള രചിച്ച രാജാരവിവർമ്മ- കൊളോണിയൽ ഇന്ത്യയുടെ ചിത്രകാരൻ, ഡിജിറ്റൽ പ്രിന്റിംഗ് വിഭാഗത്തിൽ സോൾമാസ് കമുറാന്റെ കിരാസെ, മാസികവിഭാഗത്തിൽ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമർജിംഗ് കേരള, ആർട്ട് ബുക്സ്/കോഫി ടേബിൾ ബുക്സ് (പ്രാദേശികഭാഷ) വിഭാഗത്തിൽ രൂപിക ചൗള രചിച്ച രാജാരവിവർമ്മ-കൊളോണിയൽ ഇന്ത്യയുടെ ചിത്രകാരൻ, ടെക്സ്റ്റ് ബുക്സ് & റഫറൻസ് ബുക്സ് വിഭാഗത്തിൽ (പ്രാദേശികഭാഷ) ഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങൾ എന്നിവയും പുരസ്കാരം സ്വന്തമാക്കി.
ശാസ്ത്ര- സാങ്കേതിക-മെഡിക്കൽ ബുക്സ് വിഭാഗത്തിൽ (പ്രാദേശികഭാഷ) സുരേഷ് മണ്ണാറശാലയുടെ 'കണ്ടൽക്കാടുകൾ" എന്ന രചനയും പുരസ്കാരത്തിന് അർഹമായി. 28ന് ഡൽഹിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.