തിരുവനന്തപുരം: കിഫ്ബി അടക്കമുള്ള പദ്ധതികള്‍ക്കെതിരെ മെനഞ്ഞ ദുരാരോപണങ്ങൾ ജനം തള്ളിയെന്നാണ് പാലയാൽ മാണി സി..കാപ്പൻ നേടിയ വിജയം തെളിയിക്കുന്നതെന്ന് മന്ത്രി ടി.എ.തോമസ് ഐസക്. ആരോപണങ്ങൾ അസംബന്ധമാണെന്ന എൽ.ഡി.എഫിന്റെ വിശദീകരണമാണ് ജനം സ്വീകരിച്ചത്. വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് ജനങ്ങൾ നൽകിയ ലൈസൻസാണ് പാലായിലെ വിജയമെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ടതല്ല, കേരളത്തിലെ രാഷ്ട്രീയബലാബലം. അതൊരു പ്രത്യേക സാഹചര്യത്തിന്റെ സൃഷ്ടിയാണ്. ആ അന്തരീക്ഷം പൂർണമായും മാറി. ഈ വിജയം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും തുടരും. പാലായിൽ വിജയിക്കാനാവുമെങ്കിൽ പിന്നെ ഏതു മണ്ഡലത്തിലാണ് വിജയിക്കാനാവാത്തതെന്നും തോമസ് ഐസക് ചോദിച്ചു.
പാലായിൽ 54 വർഷത്തെ യു.ഡി.എഫ് കുത്തകയാണ് അവസാനിച്ചത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ, സദ്ഭരണം, അഴിമതി വിരുദ്ധത, പുത്തൻ മാതൃകകൾ, ക്ഷേമ പ്രവർത്തനങ്ങളിലും ആശുപത്രികളിലും പള്ളിക്കൂടങ്ങളിലും വിരിഞ്ഞ സർക്കാരിന്റെ കരുതൽ എല്ലാം എണ്ണിപ്പറഞ്ഞ് നേരിട്ട തിരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന്റെ ഈ കുത്തക തകർന്നതെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.