ന്യൂഡൽഹി: പാകിസ്ഥാന് താക്കീതുമായി ഇന്ത്യൻ കരസേനാ മേധാവി ബിപിൻ റാവത്ത് രംഗത്തെത്തി. ഇനി ഒളിച്ചുകളിക്കില്ലെന്നും വേണ്ടിവന്നാൽ അതിർത്തി കടന്ന് പാകിസ്ഥാനോട് ഏറ്റുമുട്ടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഇന്ത്യക്ക് അതിർത്തി കടന്ന് പോവേണ്ടി വന്നാൽ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും. ചിലപ്പോൾ രണ്ട് വഴിയും തിരഞ്ഞെടുക്കും"-കരസേനാ മേധാവി പറഞ്ഞു.
പാകിസ്ഥാൻ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യുദ്ധമുണ്ടായാൽ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്ഥാന്റെ വാദത്തെ അന്താരാഷ്ട്ര സമൂഹം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിൻ റാവത്ത് പറഞ്ഞു.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് തങ്ങളുടെ നന്മക്കാണെന്ന് ഇപ്പോൾ അവിടെയുള്ള ഒരുപാട് ആളുകൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് പിന്തുണ നൽകുകയാണ് പാകിസ്ഥാനെന്നും ജമ്മു കാശ്മീരിൽ അവർ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നുവെന്നും കരസേനാ മേധാവി വ്യക്തമാക്കി. ഇന്ത്യയുമായി നിഴൽ യുദ്ധം നടത്താനാണ് പാക് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിപിൻ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പാകിസ്ഥാനിലെ ബാലാകോട്ടിൽ വീണ്ടും തുറന്ന ജയ്ഷെ ഭീകര ക്യാമ്പിൽ അഞ്ഞൂറോളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറൻ തയ്യാറെടുക്കുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ കരസേനാ മേധാവി സ്ഥിരീകരിച്ചിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി നേരത്തേ നടത്തിയ മിന്നലാക്രമണത്തേക്കാൾ കനത്തതാകുമെന്നും ഇന്ത്യൻ ആക്രമണത്തിൽ പാക് ഭീകരക്യാമ്പ് തകർന്നിരുന്നുവെന്നതിന് തെളിവാണ് ഇപ്പോഴത്തെ സംഭവവികാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരിക്കൽ ചെയ്തത് ആവർത്തിക്കുന്നത് എന്തിനാണ്, നേരത്തേ നമ്മൾ വേറൊന്നാണ് ചെയ്തതെന്നും പിന്നീട് മിന്നലാക്രമണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇന്ത്യയ്ക്ക് ഇനിയും എന്തെല്ലാം ചെയ്യാനാകുമെന്ന് പാകിസ്ഥാൻ ഊഹിക്കട്ടെ എന്നായിരുന്നു കരസേനാ മേധാവി മറുപടി നൽകിയത്.