
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ മൂന്നുവയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വീടിന് സമീപമുള്ള അമ്പലത്തിനടുത്ത് മറ്റ് കുട്ടികളോടൊപ്പം നിഹാര കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുവഴി വന്ന മൂന്ന് നായകളിൽ ഒരു നായ കുരച്ചു ചാടി കുഞ്ഞിന്റെ ചെവിയിൽ കടിക്കുകയായിരുന്നു.
ആക്രമണത്തിൽ ഒരിഞ്ച് നീളത്തിൽ കുട്ടിയുടെ ചെവി മുറിഞ്ഞുപോയി. ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തു. നായക്ക് പേവിഷബാധയുണ്ടോ എന്ന സംശയം നിലനിൽക്കുന്നതിനാൽ കുട്ടിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
നിഹാരയെ കടിച്ച നായയെ നാട്ടുകാർ ചേർന്ന് അടിച്ചു കൊന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ ആരോപണം. മുമ്പും നായയുടെ കടിയേറ്റ് പലർക്കും പരിക്കേറ്റിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെ പ്രശ്‌നപരിഹാരമുണ്ടായിട്ടില്ല. വിഷയത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. കുട്ടികൾ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |