SignIn
Kerala Kaumudi Online
Tuesday, 11 November 2025 7.39 PM IST

പക്ഷികൾ 'വീട്ടിലെത്തുന്നില്ല', ആശങ്കയായി മാറ്റങ്ങൾ; വിദഗ്ദ്ധർ വിരൽ ചൂണ്ടുന്നത് ഇന്ത്യയിൽ നടക്കുന്ന വലിയൊരു സത്യത്തിലേയ്ക്ക്

Increase Font Size Decrease Font Size Print Page
birds

എല്ലാ ശൈത്യകാലത്തും ലോകത്തിന്റെ വിദൂര ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്. ഭക്ഷണവും ചൂടുള്ള ആവാസ വ്യവസ്ഥകളും തേടിയാണ് ഇവർ കൂട്ടത്തോടെ എത്തുന്നത്. എന്നാൽ അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു. അവ വരികയും പോവുകയും ചെയ്യുന്ന സമയങ്ങളിൽ മാറ്റമുണ്ടാകുന്നു. പക്ഷിക്കൂട്ടങ്ങളെ സ്വീകരിച്ചിരുന്ന തണ്ണീർത്തടങ്ങൾ വറ്റിവരണ്ടു. ഇന്ത്യയിലെ തണ്ണീർത്തടങ്ങൾ അധികമാരും ശ്രദ്ധിക്കപ്പെടാതെ അപ്രത്യക്ഷമാകുന്നതിനാൽ ഈ മാറ്റങ്ങൾ ആഴത്തിലുള്ള പാരിസ്ഥിതിക അസന്തുലിതാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

രണ്ട് പ്രധാന കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. താപനിലയിലും മഴയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ പക്ഷികളുടെ കുടിയേറ്റത്തെ പ്രതികൂലമായി സ്വാധീനിക്കുന്നു. തണ്ണീർത്തടങ്ങൾ നശിച്ചുപോകുന്നത് ദേശാടന പക്ഷികൾ ആശ്രയിക്കുന്ന ഭക്ഷണവും പാർപ്പിടവും ഇല്ലാതാക്കുന്നു. ഈ സമ്മർദ്ദങ്ങൾ പക്ഷികളുടെ സഞ്ചാരത്തിൽ മാറ്റങ്ങളുണ്ടാക്കുകയും പലപ്പോഴും കൂടുതൽ അപകടകരമാക്കുകയും ചെയ്യുന്നു. ബോംബെ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി, വെറ്റ്‌ലാൻഡ്‌സ് ഇന്റർനാഷണൽ എന്നിവരുടെ സഹകരണത്തോടെ ഏഷ്യൻ വാട്ടർബേർഡ് സെൻസസ് ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്. ഇന്ത്യയിലെത്തുന്ന പലയിനം പക്ഷികളുടെയും എണ്ണത്തിൽ വലിയ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തണ്ണീർത്തട മേഖലകൾ ചുരുങ്ങുന്നതായും കണക്കുകളിൽ പറയുന്നു. പക്ഷികളുടെ ആവാസ്ഥകേന്ദ്രങ്ങൾ അധികം കാണാതായതും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ നിലവിൽ 93 തണ്ണീർത്തടങ്ങളാണുള്ളത്. 1.3 ദശലക്ഷം ഹെക്‌ടറുകളിലായാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. രാംസർ അംഗീകാരം നൽകിയ തണ്ണീർത്തടങ്ങളാണിത്. (രാംസ‌ർ കൺവെൻഷനുകീഴിൽ ഔദ്യോഗികമായി തണ്ണീർത്തടങ്ങളായി അംഗീകരിക്കപ്പെട്ട ജലസ്രോതസുകളാണിത്. ഇറാനിലെ രാംസറിൽ 1971ലാണ് ഈ അന്താരാഷ്ട്ര കരാർ രൂപപ്പെട്ടത്) എന്നാൽ ഔദ്യോഗിക രേഖകളില്ലാത്ത അനേകം തണ്ണീർത്തടങ്ങൾ തുടർച്ചയായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കയ്യേറ്റം, പരിസ്ഥിതി മലിനീകരണം, വികസനമില്ലായ്മ എന്നിവയാണ് ഇതിന് പ്രധാന കാരണം. ഹൈദരബാദ് പോലുള്ള തിരക്കേറിയ ഇന്ത്യൻ നഗരത്തിൽ 2000നും 2020നും ഇടയിൽ അനേകം തടാകങ്ങളാണ് അപ്രത്യക്ഷമായത്. ഇതിന്റെ ഫലമായി വെള്ളപ്പൊക്ക ദുരിത സാദ്ധ്യതകൾ വർദ്ധിക്കുകയും ചെയ്യുന്നു.

താപനില, പകൽവെളിച്ചം, ആഹാര ലഭ്യത എന്നിവയെ ആശ്രയിച്ചാണ് പക്ഷികൾ സഞ്ചരിക്കുന്നത്. ശീതകാലം ചുരുങ്ങുമ്പോഴോ ചൂട് ഏറുമ്പോഴോ പക്ഷികൾ ആശ്രയിക്കുന്ന ആഹാരക്രമത്തിലും മാറ്റമുണ്ടാവുന്നു. ഇത് ആഹാര സമയക്രമം തെറ്റിക്കുന്നു. ചില സന്ദർഭങ്ങളിൽ, തണ്ണീർത്തടങ്ങൾ നേരത്തെ വരണ്ടുപോകുകയോ, പക്ഷികൾ എത്തുന്നതിനു മുമ്പ് പ്രാണികളുടെ എണ്ണം വർദ്ധിക്കുകയോ ചെയ്യുന്നു. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തന്നെ തടസപ്പെടുത്തുന്നു.

തണ്ണീർത്തടങ്ങൾ അവശേഷിച്ചാലും മലിനീകരണം, കളകൾ, ക്രമരഹിതമായ ജലനിരപ്പ് തുടങ്ങിയവ അവയെ ഉപയോഗശൂന്യമാക്കുന്നു. ഇത് ഭക്ഷണത്തിനായി ആഴം കുറഞ്ഞതോ കൂടിയതോ ആയ സ്ഥലങ്ങളെ ആശ്രയിക്കുന്ന പക്ഷികളെ ബാധിക്കുന്നു. കേരള തീരത്ത്, തീരദേശ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾ മണ്ണൊലിപ്പിനും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നതിനും കാരണമായി മാറിയിരിക്കുകയാണ്. ഇത് വെള്ളത്തിൽ നീന്തുന്ന പക്ഷികൾ ആശ്രയിക്കുന്ന ഭൂപ്രകൃതിയെ പ്രതികൂലമായി സ്വാധീനിച്ചിരിക്കുന്നു.

തണ്ണീർത്തടങ്ങൾ നഷ്ടമാകുന്നത് മനുഷ്യജീവിതത്തിൽ വലിയ ആഘാതങ്ങളുണ്ടാക്കും. ഇത് വെള്ളപ്പൊക്കത്തിനും ഭൂഗർഭ ജലത്തിലെ മാറ്റങ്ങൾക്കും കാരണമാകുന്നു. ഇക്കാരണങ്ങളാലാണ് നഗരപ്രദേശങ്ങൾവ ഗ്രാമങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രകൃതി ദുരന്തങ്ങൾക്ക് പാത്രമാകുന്നത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • തണ്ണീർത്തട ഉപരിതലങ്ങൾ മാത്രമല്ല, മറിച്ച് നീരൊഴുക്കും സംരക്ഷിക്കേണ്ടതുണ്ട്
  • ജലനിരപ്പ് കൃത്യമായി നിയന്ത്രിക്കുക
  • കളകൾ നീക്കി തദ്ദേശീയ സസ്യങ്ങൾക്ക് കരുതൽ നൽകാം
  • മലിനജലവും വ്യാവസായിക മാലിന്യങ്ങളും തണ്ണീർത്തടങ്ങളിൽ പ്രവേശിക്കുന്നത് തടയുക
  • തണ്ണീർത്തട സംരക്ഷണത്തിൽ ജനങ്ങളുടെ അവബോധം വർദ്ധിപ്പിക്കാം
  • പക്ഷികളുടെ അഭയകേന്ദ്രങ്ങളും കുടിയേറ്റ സ്ഥലങ്ങളും സംരക്ഷിക്കാം

ഇന്ത്യ ഇപ്പോഴും വിദേശികളായ താറാവുകളെയും, അരയന്നങ്ങളെയും, പക്ഷികളെയുമൊക്കെ സ്വീകരിക്കുന്നുണ്ടെങ്കിലും ആശങ്ക ഉയരുന്നത് തുടരുന്നു. പക്ഷികൾ നേരത്തെ വിടവാങ്ങുന്നത്, നഗരത്തിലെ തടാകങ്ങൾ അപ്രത്യക്ഷമാവുന്നത്, ക്രമരഹിതമായ മഴ എന്നിവയെല്ലാം വിരൽ ചൂണ്ടുന്നത് നമ്മുടെ തണ്ണീർത്തടങ്ങൾ നിശബ്ദമായി അപ്രത്യക്ഷമാകുന്നു എന്നതിലേക്കാണ്.

TAGS: BIRDS, BIRDS MIGRATION IN INDIA, INDIAN CLIMATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.