ഒരുപിടി നല്ല ഗാനങ്ങളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടഗായകനായി മാറിക്കഴിഞ്ഞു സുദീപ് കുമാർ. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് സുദീപ് മലയാള ചലച്ചിത്രശാഖയിൽ ആദ്യമായി പിന്നണി പാടുന്നതെങ്കിലും ഗാനം അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് എം.ജയചന്ദ്രന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ മാടമ്പിയിലെ 'എന്റെ ശാരികെ' എന്ന ഗാനത്തിലൂടെ സുദീപിന്റെ ശാരീരത്തെ മലയാളികൾ അടുത്തറിഞ്ഞു. പിന്നീട് ശിക്കാർ മുതൽ ഒടിയൻവരെയും 150ൽ അധികം ചിത്രങ്ങളിൽ പാടി. പലതും ഹിറ്റ് ചാർട്ടിൽ ഇടംനേടുകയും ചെയ്തു.
എന്നാൽ ഭക്ഷണകാര്യത്തിൽ പുലർത്തുന്ന നിഷ്ഠകൾ തന്നെയാണ് ആസ്വാദകനെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ പാടാൻ തനിക്ക് കഴിയുന്നതിന് പിന്നിലെന്ന് സുദീപ് പറയുന്നു. ഗാനഗന്ധർവൻ യേശുദാസിന്റെ പാതതന്നെയാണ് ഇക്കാര്യത്തിൽ പിന്തുടരുന്നത്. ദാസേട്ടന്റെ നിർദേശപ്രകാരം ബ്ളഡ് ഗ്രൂപ്പിന് അനുസരിച്ച് മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂവെന്നും സുദീപ് വ്യക്തമാക്കി. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുദീപ് മനസു തുറന്നത്.
'ശബ്ദം സംരക്ഷിക്കാൻ ദിവസവും സംഗീതം പ്രാക്ടീസ് ചെയ്യണം. ശബ്ദത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങളൊന്നും കഴിക്കാറില്ല. പാട്ടും ഭക്ഷണവും തമ്മിൽ ബന്ധമൊന്നുമില്ല മറിച്ച് പാട്ടും ആരോഗ്യവും തമ്മിലാണ് ബന്ധം. ഒരു പാട്ടുകാരൻ എപ്പോഴും ആരോഗ്യത്തോടെ പാടണമെങ്കിൽ ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ വേണം. തൊണ്ടയെ മോശമായി ബാധിക്കുന്ന ഒന്നും തന്നെ കഴിക്കാറില്ല. ദാസേട്ടൻ പിന്തുടരുന്ന ഭക്ഷണരീതി എനിക്കു പറഞ്ഞു തന്നിട്ടുണ്ട്. ബ്ളഡ് ഗ്രൂപ്പിനെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതിയാണത്. കുറേ വർഷമായി ആ രീതിയാണ് പിന്തുടരുന്നത്. എന്റെ ബ്ളഡ് ഗ്രൂപ്പ് അനുസരിച്ച് ഗോതമ്പ് കഴിക്കാൻ പാടില്ല.
പണ്ട് എന്നും രാത്രി ചപ്പാത്തി കഴിക്കുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി കഴിക്കാറില്ല. കുറേക്കാലമായി പെർഫ്യൂംസും ഉപയോഗിക്കാറില്ല. ശ്വാസകോശത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നത് കൊണ്ടാണത്. ദാസേട്ടനാണ് അത് പറഞ്ഞത്. ഓരോ വ്യക്തിയുടെയും ബ്ളഡ് ഗ്രൂപ്പ് അനുസരിച്ച് അനുവർത്തിക്കേണ്ട് ആഹാരശീലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകം അദ്ദേഹം എനിക്ക് നൽകി. അത് വായിച്ചതിനു ശേഷം ഒരുപാട് മാറ്റങ്ങൾ ആഹാരശീലത്തിൽ വരുത്തി. പുളിയുള്ള ആഹാരങ്ങൾ രാത്രിയിൽ കഴിക്കാറില്ല. മട്ടനും ബീഫും ഒഴിവാക്കി'- സുദീപിന്റെ വാക്കുകൾ.
അഭിമുഖത്തിന്റെ പൂർണരൂപം ഒക്ടോബർ ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.