
മലയാളികൾ അടക്കമുള്ളവരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് മൂത്രത്തിൽ കല്ല് അല്ലെങ്കിൽ വൃക്കയിലെ കല്ല്. കടുത്ത വേദന അനുഭവപ്പെട്ട് പരിശോധന നടത്തുമ്പോഴാണ് പലരും മൂത്രത്തിൽ കല്ല് ബാധിക്കപ്പെട്ട കാര്യം അറിയുന്നത്. വെള്ളം കുടിക്കുന്നതിലെ കുറവാണ് കല്ലുണ്ടാകാനുള്ള പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ശസ്ത്രക്രിയ അടക്കം ഇക്കാലത്ത് വലിയ രീതിയിലുള്ള ചികിത്സാ രീതികൾ ഇന്ന് നിലവിലുണ്ട്. കല്ലിന്റെ വലുപ്പവും ആകൃതിയും മനസിലാക്കിയ ശേഷമാണ് ചികിത്സ നിർണയിക്കുക.
എന്നാൽ ഇപ്പോഴിതാ മൂത്രത്തിൽ കല്ലിന്റെ ചികിത്സയ്ക്ക് നിർണായക കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷകർ. ഉരഗങ്ങൾ ദ്രാവക രൂപത്തിൽ മാത്രമല്ല മൂത്രമൊഴിക്കുക. ഇവ അവയുടെ മാലിന്യങ്ങളെ യൂറിക് ആസിഡിന്റെ ഖര രൂപങ്ങളാക്കി മാറ്റുന്നു. ഇതുമായി ബന്ധപ്പെട്ട് ജേണൽ ഓഫ് ദി അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഗവേഷകർ 20ലധികം ഉരഗ ഇനങ്ങളുടെ ഖര മൂത്രം പരിശോധിച്ചപ്പോൾ, അവയിലെല്ലാം യൂറിക് ആസിഡ് കൊണ്ട് നിർമ്മിച്ച ചെറിയ ഗോളങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. മൂത്രത്തിൽ കല്ല്, സന്ധിവാതം എന്നിവ ബാധിച്ചവർക്ക് ഈ ജൈവ പ്രക്രിയ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഈ പഠനം പ്രാരംഭഘട്ടത്തിലാണെങ്കിലും ഭാവിയിലെ വൈദ്യചികിത്സയ്ക്ക് കരുത്താകുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.
മാലിന്യം എങ്ങനെ ഖരരൂപത്തിലാക്കുന്നു?
പെരുമ്പാമ്പ് അടക്കമുള്ള പാമ്പുകളുടെ യുറേറ്റുകൾ ഗവേഷകർ പഠനത്തിന്റെ ഭാഗമായി പരിശോധിക്കുകയുണ്ടായി. ഈ പരിശോധനയിൽ ഉരഗങ്ങൾ യൂറിക്ക് ആസിഡും വെള്ളവും ചേർന്ന ചെറിയ സൂക്ഷ്മ ഗോളങ്ങളെ പുറന്തുള്ളന്നതായി കണ്ടെത്തി. ഈ ഗോളങ്ങൾക്ക് ഒന്ന് മുതൽ പത്ത് മൈക്രോമീറ്റർ വരെ വലിപ്പമുണ്ട്. വെളുത്ത ചോക്ക് പോലുള്ള ഒരു പഥാർത്ഥമാണിത്. ഇങ്ങനെയുള്ള മാനില്യം പുറന്തള്ളുന്നതോടെ ഉരഗങ്ങൾക്ക് കുറച്ച് ജലനഷ്ടം മാത്രമാണ് സംഭവിക്കുന്നത്.
മനുഷ്യർക്ക് എങ്ങനെ ഗുണം ചെയ്യും?
മനുഷ്യശരീരത്തിൽ അപകടകരമാംവിധം യൂറിക് ആസിഡ് അടിഞ്ഞുകൂടാൻ സാദ്ധ്യതയുണ്ട്. ഇവ നിങ്ങളുടെ സന്ധികളിൽ പരലുകളായി അടിഞ്ഞുകൂടിയാൽ സന്ധിവാതത്തിന് കാരണമാകുന്നു. ഇനി വൃക്കകളിലേക്കാണ് ഇത് അടിഞ്ഞുകൂടുന്നതെങ്കിൽ വൃക്കയിൽ കല്ല് അല്ലെങ്കിൽ മൂത്രത്തിൽ കല്ലിന് കാരണമാകുന്നു. ഈ രണ്ട് അവസ്ഥകളും മനുഷ്യന് ഏറെ വേദനയുണ്ടാക്കുന്ന ഒന്നാണ്. ചികിത്സയില്ലാതെ ഇവ ഭേദമാക്കാൻ കഴിയില്ല. ഉരഗങ്ങൾ യൂറിക് ആസിഡ് രൂപീകരണം എങ്ങനെ നിയന്ത്രിക്കുന്നു എന്ന് മനസ്സിലാക്കിയാൽ ഈ പരലുകൾ രൂപപ്പെടുന്നത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ പുതിയ ചികിത്സാരീതികൾ വികസിപ്പിക്കാൻ ഗവേഷകരെ സഹായിക്കും.
ഉരഗങ്ങളുടെ ഖരമാലിന്യം അതിലും ചെറിയ നാനോക്രിസ്റ്റലുകളിൽ നിന്ന് നിർമ്മിച്ച ടെക്സ്ചർ ചെയ്ത മൈക്രോസ്ഫിയറുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ലബോറട്ടറി വിശകലനത്തിൽ കണ്ടെത്തി. യൂറിക് ആസിഡിനെ സ്ഥിരതയോടെ നിലനിർത്തുന്നതിനും ശരീരത്തിലൂടെ സഞ്ചരിക്കുമ്പോൾ കേടുപാടുകൾ തടയുന്നതിനുമായാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഉരഗങ്ങളിലെ യൂറിക് ആസിഡ് വിഷ സംയുക്തങ്ങളെ പുറന്തള്ളുന്നതിനുമുമ്പ് സുരക്ഷിതമായ ഖരവസ്തുക്കളാക്കി മാറ്റാൻ സഹായിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. മനുഷ്യരിലും സമാനമായ ഒരു പ്രക്രിയ ഉണ്ടാക്കിയെടുക്കാൻ കഴിയുമെങ്കിൽ, അത് മെച്ചപ്പെട്ട ചികിത്സകളിലേക്ക് നയിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗവേഷണത്തിന്റെ സാദ്ധ്യതകൾ
ഈ ഗവേഷണം ഒരു തുടക്കം മാത്രമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മൂത്രത്തിൽ കല്ല്, സന്ധിവാതം എന്നീ ചികിത്സകൾക്ക് പാമ്പിന്റെ മൂത്രം നേരിട്ട് ഉപയോഗിക്കാൻ കഴിയുമെന്ന അർത്ഥമില്ല. എന്നാൽ ഉരഗങ്ങളിൽ കാണപ്പെടുന്ന സ്വാഭാവിക പ്രക്രിയ മനുഷ്യ ശരീരത്തിനുള്ളിൽ യൂറിക് ആസിഡിനെ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന മരുന്നുകൾക്ക് നിർമ്മിക്കാൻ സഹായിച്ചേക്കാം.
ഈ ഗവേഷണം ഒരു തുടക്കം മാത്രമാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. വൃക്കയിലെ കല്ലിനോ സന്ധിവാതത്തിനോ പാമ്പിന്റെ മൂത്രം നേരിട്ടുള്ള ചികിത്സയായി മാറുമെന്ന് ഈ ഗവേഷണം കൊണ്ട് അർത്ഥമാക്കുന്നില്ല. നിർജ്ജലീകരണം കൂടാതെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു അത്ഭുതകരമായ സംവിധാനം പാമ്പുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. യൂറിക് ആസിഡുമായി ബന്ധപ്പെട്ട രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് മനുഷ്യരെ ഈ തന്ത്രം സഹായിച്ചേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |