
കൽപ്പറ്റ: പിഎം ശ്രീയിൽ കേരള സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. രണ്ട് വള്ളത്തിൽ കാൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. പിഎം ശ്രീയിൽ സർക്കാരിന്റെ നിലപാടിൽ വ്യക്തത ഇല്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പിഎം ശ്രീയിൽ ഒപ്പുവച്ചത് സിപിഎം - ബിജെപി ധാരണയായിരുന്നുവെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആവർത്തിച്ചത്. കേന്ദ്രവും സിപിഎമ്മും തമ്മിലുള്ള ധാരണ കൂടുതൽ വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന്റെ കത്ത് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. പിഎം ശ്രീയ്‌ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ധനസഹായം നൽകേണ്ട സ്‌കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. സർവ ശിക്ഷാ അഭിയാനടക്കമുള്ള ഫണ്ട് നൽകാനാകുമോ എന്ന് കത്ത് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. പിഎം ശ്രീയിൽ നിന്ന് പഞ്ചാബ് ധാരണാപത്രം ഒപ്പിട്ട ശേഷം പിന്മാറിയപ്പോൾ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. എന്നാൽ, പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചതോടെ പഞ്ചാബ് നിലപാട് മാറ്റുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |