
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിയുടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്‌ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പോറ്റിയെ റിമാൻഡ് ചെയ്തത്. തുടർന്ന് തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേയ്ക്ക് മാറ്റി.
അപസ്‌മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിൽ പോറ്റിയുടെ അറസ്റ്റ് അടുത്തദിവസം രേഖപ്പെടുത്തും. ശേഷം നവംബർ മൂന്നിന് റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം. ഈ കേസിൽ പോറ്റിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷ എസ്‌ഐടി ഇന്ന് കോടതിയിൽ സമർപ്പിച്ചു. കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ ഇരുകേസുകളിലും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി കവർന്നെന്ന് കരുതുന്ന ബെല്ലാരിയിൽ നിന്ന് കണ്ടെത്തിയ സ്വർണം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി മുൻപ് പദ്ധതികളിട്ടിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ശബരിമലയിലെ തന്ത്രി കുടുംബവുമായുള്ള ബന്ധമാണ് ഇതിനെല്ലാം ഇയാൾ മറയാക്കിയത്. ഒരു കീഴ്ശാന്തിയുടെ സഹായിയായി ശബരിമലയിൽ വന്ന ഇയാൾ പിന്നീട് തന്ത്രി കുടുംബവുമായി കൂടുതല്‍ അടുക്കുകയും തന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളായി ധനികരായ അയ്യപ്പഭക്തര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ ഭക്തരുമായി സൗഹൃദം സ്ഥാപിച്ചതെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |