
ഷാർജ: അവകാശികളില്ലാതെ ഷാർജയിലെ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കാനിരുന്ന പ്രവാസി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കഴിഞ്ഞ ജൂലായ് 14ന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാർജയിലെ കുവൈത്ത് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മാസത്തോളമായിട്ടും ജിനുവിന്റെ മരണം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ജിനു ഷാർജയിൽ തടവിലാണെന്നാണ് നാട്ടിലുള്ള സഹോദരി ജിജി കരുതിയിരുന്നത്.
പിന്നീട് ജിജി സഹായത്തിനായി ഹൈക്കോടതിയിൽ സീനിയർ സ്‌റ്റാൻഡിംഗ് കൗൺസലും എസ്‌എൻഡിപി യോഗം പന്തളം യൂണിയൻ പ്രസിഡന്റുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ സമീപിച്ചു. ഇദ്ദേഹം വഴി യുഎഇയിലുള്ള പ്രസാദ് ശ്രീധരൻ, സലാം പാപ്പിനിശേരി എന്നിവരുടെ സഹായം ലഭിച്ചു. ഇതോടെ ജിനു ജയിലിലല്ലെന്നും ഷാർജ പൊലീസ് മോർച്ചറിയിലാണെന്നും കണ്ടെത്താനായി.
തുടർന്ന് കോടതിയെ സമീപിച്ച് മൃതദേഹം ഷാർജയിൽ അടക്കം ചെയ്യുന്നതിന് സ്റ്റേ വാങ്ങി. ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമതടസങ്ങൾ നീക്കുകയും ചെയ്‌തു. യാബ് ലീഗ് സർവീസ് പ്രതിനിധികൾ, എസ്‌എൻഡിപി യോഗം പ്രവർത്തകർ എന്നിവർ ചേർന്നാണ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം ചൊവ്വാഴ്‌ച രാത്രി എയർ അറേബ്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിക്കായിരുന്നു സംസ്‌കാരം. കഴിഞ്ഞ അഞ്ച് വർഷമായി ജിനു ഭാര്യയിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. സഹോദരിയുമായി മാത്രമേ ബന്ധമുള്ളു. ജിനുവിന്റെ അമ്മ മരിച്ചുപോയിരുന്നു. അച്ഛൻ രോഗിയാണ്. 2025 ജൂലായ് ഏഴിനാണ് ജിനു അവസാനമായി ജിജിയുമായി ഫോണിൽ സംസാരിച്ചിരുന്നത്.
2009ലാണ് ജിനു യുഎഇയിലേക്ക് പോകുന്നത്. ടാക്‌സി ഡ്രൈവറായും അജ്‌മാനിൽ ഡ്രൈവിംഗ് ഇൻസ്‌ട്രക്‌ടറായും ജോലി ചെയ്‌തു. പിന്നീട് ജോലി നഷ്‌ടപ്പെടുകയും വിസാ കാലാവധി കഴിയുകയും ചെയ്‌തു. ഓവർ സ്റ്റേയിലായിരുന്ന ജിനുവിന് കഴിഞ്ഞ പൊതുമാപ്പിൽ വിസ നിയമാനുസൃതമായി. ജോലി നഷ്‌ടപ്പെട്ട സമയത്ത് റഷ്യയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് യുഎഇയിലെ മലയാളി ഏജന്റുമാർ ഇദ്ദേഹത്തെ ചതിയിൽപ്പെടുത്തിയിരുന്നു. ലക്ഷങ്ങൾ നഷ്‌ടപ്പെട്ടതിന്റെ മാനസിക വിഷമത്തിലായിരുന്നു ജിനു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |