
മാലി: 2007 ജനുവരിക്കുശേഷം ജനിച്ചവർക്ക് പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്. ഇതോടെ തലമുറയുടെ അടിസ്ഥാനത്തിൽ പുകയിലയ്ക്ക് നിരോധനം ഏർപ്പെടുത്തുന്ന ഏക രാഷ്ട്രമായി മാറിയിരിക്കുകയാണ് മാലിദ്വീപ് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് പദ്ധതിക്ക് ഈ വർഷമാദ്യം തുടക്കമിട്ടത്. പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകയില രഹിത തലമുറയെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം 2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർ മാലിദ്വീപിൽ പുകയില വാങ്ങുകയോ, ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യാൻ പാടില്ല. എല്ലാത്തരം പുകയിലയ്ക്കും വിലക്ക് ബാധകമാണ്. പുകയില വിൽക്കുന്നവർ പ്രായനിർണയം നിർബന്ധമായും നടത്തണം. രാജ്യത്തെത്തുന്ന സന്ദർശകർക്കും വിലക്ക് ബാധകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക് സിഗരറ്റുകളുടെയും വാപ്പിംഗ് ഉത്പന്നങ്ങളുടെയും ഇറക്കുമതി, വില്പന, വിതരണം, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവയ്ക്ക് പ്രായഭേദമില്ലാതെ എല്ലാ വ്യക്തികൾക്കും വിലക്ക് ബാധകാണെന്നും മന്ത്രാലയം അറിയിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് 50,000 റുഫിയയും (2,90,151 രൂപ) വാപ്പിംഗ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് 5,000 റുഫിയയും (29,015 രൂപ) പിഴ ചുമത്തും.
ബ്രിട്ടനിൽ അവതരിപ്പിച്ച സമാനമായ പുകയില തലമുറ നിരോധനം ഇപ്പോഴും നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകുകയാണ്. അതേസമയം, സമാന നിയമം നടപ്പിലാക്കിയ ആദ്യ രാജ്യമായ ന്യൂസിലൻഡ്, പദ്ധതി അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ, 2023 നവംബറിൽ റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ഇന്നലെ രാവിലെ സൂര്യോദയത്തിന് ശേഷമുണ്ടായ മഴമേഘങ്ങളിന്റെ വിടവുകളിലൂടെ സൂര്യപ്രകാശം തെളിഞ്ഞ് നിന്നപ്പോൾ