തൃശൂർ: എക്സൈസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ കണ്ടെത്തിയ 12ഓളം ക്ഷതങ്ങളും ആന്തരീകരക്തസ്രാവവും മരണകാരണമായേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തലയ്ക്ക് പിറകിലും മുതുകിലും ക്ഷതമേറ്റിട്ടിട്ടുണ്ട്.നിരവധി കഞ്ചാവ് കേസുകളിലെ പ്രതി മലപ്പുറം തിരൂർ മംഗലം സ്വദേശി രഞ്ജിത്താണ് മരിച്ചത്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസും പോസ്റ്റുമോർട്ടം നടത്തിയ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും പുറത്തുവിടുന്നില്ല.
ഇക്കഴിഞ്ഞ ഒന്നിന് ഗുരുവായൂരിൽ വച്ചാണ് രഞ്ജിത്തിനെ രണ്ട് കിലോ കഞ്ചാവുമായി തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. കൂടുതൽ കഞ്ചാവ് പലയിടങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് മൊഴി നൽകി. എക്സൈസ് ജീപ്പിൽ രഞ്ജിത്ത് ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലെല്ലാം പോയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വർഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന രഞ്ജിത്ത് ജീപ്പിന്റെ പിറകിലിരുന്ന് ആക്രമാസക്തനായി. ഉദ്യോഗസ്ഥരും രഞ്ജിത്തും തമ്മിൽ പിടിവലിയായി. ഇതിനിടയിൽ രഞ്ജിത്തിന് അപസ്മാരം ഉണ്ടായി. വായിൽ നിന്ന് നുരയും പതയും വന്നു. ബോധരഹിതനായതോടെ പാവറട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ആശുപത്രിയിൽ എത്തിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് രഞ്ജിത്ത് മരണപ്പെട്ടതെന്നാണ് ഡോക്ടർമാർ നൽകിയ മൊഴി.
അതേസമയം കുറേനേരം ചുറ്റിക്കറങ്ങിയിട്ടും കഞ്ചാവ് കിട്ടാതായതോടെ രഞ്ജിത്തിനെ ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പറയുന്നു. ബോധരഹിതനായി രഞ്ജിത്ത് ജീപ്പിൽ വീണതോടെ വഴിയിൽ വച്ച് ഈ പ്രശ്നത്തിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒരു എക്സൈസ് പ്രിവന്റീവ് ഓഫീസർ ഇറങ്ങിപ്പോയതായി വിവരമുണ്ട്. സംഭവത്തെക്കുറിച്ച് തൃശൂർ അഡിഷണൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സാം ക്രിസ്റ്റിയാണ് വകുപ്പ്തല അന്വേഷണം നടത്തുന്നത്.