ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ആരക്കുന്നത്തിന് സമീപം ഒമ്പതാം വാർഡിൽ ഊഴക്കോട് മഹാത്മാ അയ്യങ്കാളിയുടെ പേരിൽ സ്ഥിതി ചെയ്യുന്ന പട്ടികജാതി വനിതാ വ്യവസായ പരിശീലന കേന്ദ്രം കാടുകയറിയ നിലയിൽ. 2015ൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി ചക്രവർത്തിയുടെ നേതൃത്വത്തിൽ വനിതകളുടെ നൈപുണ്യ വികസനത്തിനും പരിശീലനത്തിനും വ്യവസായ സംരംഭകത്വത്തിന് പിന്തുണയും പ്രോത്സാഹനവും ലക്ഷ്യമിട്ട് നിർമ്മിച്ച കെട്ടിടമാണ് ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയത്.
27 സെന്റ് സ്ഥലത്ത് 10 ലക്ഷം രൂപ മുടക്കിയാണ് 1000 ചതുരശ്രയടിയിൽ 2015ലാണ് കെട്ടിടം പണിതത്. പട്ടികജാതി വിഭാഗത്തിലെ സ്ത്രീകൾക്ക് തയ്യൽ പരിശീലനമടക്കം നൽകി തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കാൻ ആയിരുന്നു പദ്ധതി. ഉദ്ഘാടനത്തിന് ശേഷം ഒരു സംരംഭത്തിന് വാടകയ്ക്ക് നൽകിയെങ്കിലും വാടക മുടങ്ങിയതോടെ പഞ്ചായത്തും കുടുംബശ്രീയും തർക്കത്തിലായി. തുടർന്ന് പഞ്ചായത്ത് ഭരണസമിതി നിയമനടപടി സ്വീകരിച്ചതോടെ കെട്ടിടം മറ്റാർക്കും വാടകയ്ക്ക് നൽകാൻ പറ്റാതായി. ഇതോടെയാണ് കെട്ടിടത്തിന്റെ ദുർഗതി ആരംഭിച്ചത്.
മാലിന്യനിക്ഷേപ കേന്ദ്രം
സർക്കാർ ചെലവിൽ മാലിന്യം നിക്ഷേപിക്കാൻ സംവിധാനം ഒരുക്കിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കലും തുടങ്ങി. ഇതോടെ ലക്ഷങ്ങൾ ചെലവഴിച്ച നിർമ്മിച്ച നടപ്പാതയടക്കം ശുചി മുറി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് ശോച്യാവസ്ഥയിലുമായി. പഞ്ചായത്തിന്റെ ആക്രി സാധനങ്ങളും ഉപയോഗശൂന്യമായ കാർഷിക യന്ത്രങ്ങളും എത്തിച്ചു ഭരണസമിതിയും തങ്ങളുടെ 'മാലിന്യസംഭാവന' നൽകിത്തുടങ്ങി.
സംരംഭത്തിന് പിന്തുണയില്ല
പട്ടികജാതി വനിതകൾക്ക് വ്യവസായിക പരിശീലനവും അനുബന്ധ കാര്യങ്ങളൊന്നും തന്നെ നടത്തിയില്ല. പട്ടികജാതിയിലെ വനിതാ അംഗങ്ങൾ ജെ.എൽ.ജി ഗ്രൂപ്പ് രൂപീകരിച്ച് കൊപ്രയാട്ടുന്ന സംരംഭം തുടങ്ങിയെങ്കിലും പുതിയ ഭരണസമിതി പിന്തുണ പോലും നൽകിയതുമില്ല. അതോടെ ലക്ഷങ്ങൾ കടമെടുത്ത കുടുംബശ്രീ അംഗങ്ങൾ പെരുവഴിയിലായി.
വൃത്തിയാക്കൽ നിലച്ചു
നിലവിലുള്ള മെമ്പറുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ആദ്യത്തെ രണ്ട് വർഷം കെട്ടിടവും പരിസരവും വൃത്തിയാക്കിയെങ്കിലും യു.ഡി.എഫ് ഭരണസമിതി താക്കോൽ തിരിച്ചു വാങ്ങിയതോടെ അതും നിലച്ചു. കേന്ദ്രം പുനരുദ്ധാരണം നടത്തി തുറന്നുകൊടുക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഫണ്ട് വക മാറ്റാൻ ഭരണസമിതി തയ്യാറായില്ല.
കെട്ടിടം പുനരുദ്ധാരണം നടത്തി നൈപുണ്യ വികസന, പരിശീലന കേന്ദ്രമായി ഉയർത്തണമെന്ന് പലവട്ടം പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിട്ടും ഭരണസമിതി യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. കെട്ടിടത്തിന്റെ താക്കോൽ വാങ്ങിച്ചതോടെ വൃത്തിയാക്കലും മുടങ്ങി
റീന റെജി
പഞ്ചായത്ത് അംഗം
ഒമ്പതാം വാർഡ്
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |