
തൃശൂര്‍: നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനപ്രയത്‌നം കൊണ്ടും ചലനപരിമിതിയെ തോല്‍പ്പിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ തൃശൂര്‍ പുത്തന്‍ചിറ പനമ്പിള്ളി വീട്ടിലെ ശ്രീകുമാറിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആര്‍.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു. ശ്രീകുമാറിനെ മന്ത്രി പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു.ഭിന്നശേഷിക്കാര്‍ക്ക് കരുത്ത് പകര്‍ന്ന് മാതൃകയായി ഇനിയും ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീകുറിന് സാധിക്കട്ടെ എന്ന് മന്ത്രി ആര്‍.ബിന്ദു ആശംസിച്ചു.
ഒരു പുസ്തകത്തിന്റെ പേജ് സ്വയം മറിക്കാന്‍ കഴിയാത്ത ശ്രീകുമാര്‍ തന്റെ വിധിയുടെ പേജുകള്‍ മറിച്ചു ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരിക്കുകയാണ് ശ്രീകുമാര്‍ എന്ന 27 കാരന്‍. 400 പേജിലധികം വരുന്ന പുസ്തകങ്ങള്‍ അമ്മ മിനി ഒരു മൊബൈല്‍ ഫോണില്‍ സ്‌കാന്‍ ചെയ്ത് പഠിക്കുന്നതിനായി ഗൂഗിള്‍ ഡ്രൈവില്‍ അപ്പ്ലോഡ് ചെയ്തുനല്‍കി. ശ്രീകുമാറിന് കൂടുതല്‍ മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലാപ്‌ടോപ്പ് പിടിക്കാന്‍ വീല്‍ചെയറില്‍ ഒരു പ്രത്യേക സ്റ്റാന്‍ഡ് ഉറപ്പിച്ചു നല്‍കി, മകന്റെ ഉയരത്തിന് അനുയോജ്യമായ ഒരു മേശയും പ്രത്യേകം നിര്‍മ്മിച്ചു.കിടക്കയില്‍ വായിക്കുമ്പോള്‍ പോലും,ഇരിപ്പ് ലഘൂകരിക്കാന്‍ സുഖപ്രദമായ ഒരു സ്റ്റാന്‍ഡും സപ്പോര്‍ട്ടീവ് തലയണകളും ക്രമീകരിച്ചികൊണ്ടും അച്ഛന്‍ രാജനും അമ്മ മിനിയും മകന്റെ സ്വപ്നങ്ങള്‍ക്ക് ശക്തമായ പിന്തുണയേകി.
ക്രൈസ്റ്റ് കോളേജ് പഠനകാലത്ത് നേടിയ ഉപകരണങ്ങളും അറിവും ഉപയോഗിച്ച് ശ്രീകുമാര്‍ സി.എ പരീക്ഷകള്‍ എഴുതി. അവസാന പരീക്ഷകളില്‍,അദ്ദേഹത്തിന്റെ കസിന്‍ അനന്തകൃഷ്ണന്‍ (ബി.ടെക് വിദ്യാര്‍ത്ഥി) അദ്ദേഹത്തോടൊപ്പം നിന്നു. പഴയ സി.എ സ്‌കീമില്‍ ചേര്‍ന്ന ശ്രീകുമാര്‍ വര്‍ഷങ്ങളുടെ സമര്‍പ്പണത്തിനുശേഷം 2023 ല്‍ പരീക്ഷകളില്‍ വിജയിച്ചു. പ്രാദേശിക ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ടി.ഡി ജോണ്‍സിന്റെ കീഴില്‍ മൂന്ന് വര്‍ഷത്തെ ആര്‍ട്ടിക്കിള്‍ഷിപ്പും പൂര്‍ത്തിയാക്കി.മാങ്കിടിയില്‍ വി.എച്ച്.എസ്.എസി.ല്‍ പ്ലസ്.ടു പൂര്‍ത്തിയാക്കിയ ശ്രീകുമാര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഫിനാന്‍സില്‍ ബി.കോം ബിരുദവും നേടി. പ്ലസ്.ടു വരെ, പരസഹായമില്ലാതെ ശ്രീകുമാര്‍ എല്ലാ പരീക്ഷകളും സ്വയം എഴുതി.
അക്കൗണ്ടന്‍സി മേഖലയില്‍ സ്വന്തമായി പരിശീലനവും നൈപുണ്യ വികസനവും ആരംഭിക്കണം എന്നതാണ് ശ്രീകുമാറിന്റെ ആഗ്രഹം. മകന്റെ സ്വപ്നങ്ങള്‍ക്ക് കറുത്തേകി എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്ന അച്ഛന്റെ രാജനെയും, അമ്മ മിനിയേയും മന്ത്രി അഭിനന്ദിച്ചു.പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, സിപിഎം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ വി എന്‍ രാജേഷ്, സി ധനുഷ് കുമാര്‍ എന്നിവര്‍ അനുമോദനചടങ്ങില്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |