
അബുദാബി: ഒക്‌ടോബറിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിനുശേഷം വില ഇടിഞ്ഞതോടെ യുഎഇയിൽ സ്വർണവിപണി വീണ്ടും ഉണർന്നിരിക്കുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം ഉയർന്ന വില കാരണം 2025ലെ മൂന്നാം പാദത്തിൽ ഡിമാൻഡ് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. തുടർന്ന് സ്വർണത്തിന്റെ വില്പനയിൽ വൻ ഇടിവാണ് നേരിട്ടത്. ഇതിന് പിന്നാലെയാണ് വിപണി വീണ്ടും സജീവമായിരിക്കുന്നത്.
തൂക്കം കുറഞ്ഞ ആഭരണങ്ങളാണ് കൂടുതൽ ഉപഭോക്താക്കളും തിരഞ്ഞെടുക്കുന്നതെന്ന് യുഎഇയിലെ ജുവലറി ഉടമകൾ പറയുന്നു. സ്വർണം വാങ്ങുന്നതിന് മുൻപ് കൂടുതൽ പേരും നിരക്ക് പരിശോധിക്കുന്നുണ്ട്. നിക്ഷേപ അധിഷ്ഠിത വാങ്ങലിനാണ് കൂടുതൽ പേരും പ്രാധാന്യം നൽകുന്നത്. ഏറെനാൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളവയോടാണ് പലർക്കും ആഭിമുഖ്യമെന്നും ജുവലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്ത് വിനോദ സഞ്ചാരം സജീവമാകുന്നതും സ്വർണവിപണിയെ അനുകൂലമായി സ്വാധീനിക്കുന്നുവെന്നും നിരീക്ഷണമുണ്ട്.
2025ലെ മൂന്നാം പാദത്തിൽ യുഎഇയിൽ സ്വർണത്തിന്റെ ഡിമാൻഡ് 6.3 ടണ്ണായി കുറഞ്ഞിരുന്നു. സ്വർണ നാണയങ്ങളുടെയും സ്വർണക്കട്ടികളുടെയും ഡിമാൻഡും ഇതോടൊപ്പം ഇടിഞ്ഞു. 2025 ജൂലായ്-സെപ്തംബർ കാലയളവിൽ യുഎഇയിലെ സ്വർണ ഡിമാൻഡ് മുൻ വർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനം കുറഞ്ഞ് 9.7 ടണ്ണായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധന യുഎഇയിൽ രേഖപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |