
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴയടക്കമുളള കർശന ശിക്ഷകൾ ചുമത്തണമെന്ന് ഇന്ത്യൻ റെയിൽവേ നിയമത്തിൽ പരാമർശിക്കുന്നുണ്ട്. ചില പരാതികളിൽ അറസ്റ്റടക്കമുളള നടപടികളിലേക്കും റെയിൽവേ അധികൃതർ കടക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ നിലനിന്നിട്ടും പലരും ടിക്കറ്റില്ലാതെ റിസർവേഷനുളള കോച്ചുകളിൽ യാത്ര ചെയ്യുന്നത് പതിവാക്കിയിട്ടുണ്ട്. ഇത് റിസർവ് ചെയ്ത് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഈ വിഷയം പലതവണയായി സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. അടുത്തിടെ ഒരു യുവാവ് ആളുകളുടെ പ്രവണതയിലെ മാറ്റത്തിലെ ആശങ്കകൾ റെഡ്ഡിറ്റിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ജനറൽ കംപാർട്ട്‌മെന്റുകളിൽ യാത്ര ചെയ്യുന്നവരും ചെറിയ ദൂരം മാത്രം സഞ്ചരിക്കുന്നവരും എന്തുകൊണ്ട് ടിക്കറ്റെടുക്കുന്നില്ലെന്ന ചോദ്യവുമായാണ് യുവാവ് രംഗത്തെത്തിയിരിക്കുന്നത്. ആളുകളുടെ ഇത്തരത്തിലുളള മനോഭാവം നല്ലതല്ലെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചെറിയ ദൂരം മാത്രം സഞ്ചരിക്കുന്നവർക്ക് ജനറൽ കംപാർട്ട്‌മെന്റുകളുണ്ടെന്നും പറയുന്നു. ഇത്തരത്തിലുളള കാര്യങ്ങൾ ചോദ്യം ചെയ്യാൻ പലരും പേടികൊണ്ട് മടിക്കുകയാണെന്നും പറയുന്നു. ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ പോസ്റ്റ് വൈറലായി. വിവിധതരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ ഇത്തരത്തിലുളള മാനസികാവസ്ഥ പല ഗുരുതര പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തു.
ഒരു യുവതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചു. എസി കോച്ചിലായിരുന്നു താൻ യാത്ര ചെയ്‌തെന്നും ഒരു സ്റ്റോപ്പെത്തിയപ്പോഴേയ്ക്കും യുവാക്കൾ കോച്ചിലേക്ക് ഇടിച്ചുകയറിയെന്നും ഇരിക്കാൻപോലും സ്ഥലം ഉണ്ടായില്ലെന്നും യുവതി പറഞ്ഞു. റിസർവ് ചെയ്ത സീറ്റുകളിൽ വരെ ടിക്കറ്റില്ലാതെ ആളുകൾ ഇരിക്കാറുണ്ടെന്നും മറ്റൊരാൾ പറയുന്നു. അതേസമയം, ബീഹാറിലാണ് ഇത്തരത്തിലുളള സംഭവം കൂടുതലായി നടക്കുന്നതെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം. ദീർഘദൂരം യാത്ര നടത്തുന്ന ട്രെയിനുകൾ ബീഹാറിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്താറില്ലെന്നും ചിലർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |