
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അരങ്ങേറിയ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന സംശയത്തില്‍ അധികൃതര്‍. രാത്രി 6.55ന് ആണ് ഡല്‍ഹി ലാല്‍ കിലാ (ചെങ്കോട്ട) മെട്രോ സ്‌റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം ഉഗ്ര സ്‌ഫോടനം നടന്നത്. ട്രാഫിക് സിഗ്നലില്‍ വേഗത കുറച്ച് എത്തിയ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഹരിയാന രജിസ്‌ട്രേഷനില്‍ ഉള്ള ഐ 20 കാര്‍ ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കാറിന്റെ ഉടമസ്ഥനെ പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്.
ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്‍എസ്ജി ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കാറിന്റെ ഉടമസ്ഥനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എന്നാല്‍ ഇയാളുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
സാദ്ധ്യമായ എല്ലാ അന്വേഷണവും നടത്തുമെന്നും അമിത് ഷാ പ്രതികരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രധാന അന്വേഷണ ഏജന്‍സികളും സ്ഥലത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചതായും അമിത് ഷാ പറഞ്ഞു. സ്‌ഫോടന സ്ഥലവും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും അദ്ദേഹം സന്ദര്‍ശിച്ചു.
സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇതുവരെയുള്ള വിവരം. വേഗത കുറച്ച് വന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കാറിനുള്ളില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പ്രദേശത്തെ ഗതാഗതം ഉള്‍പ്പെടെ നിരോധിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |