കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നത് ഒരുവർഷത്തിനുള്ളിൽ പൂർത്തികരിക്കുമെന്ന് നഷ്ടപരിഹാരകമ്മിറ്റി ചെയർമാൻ ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ. സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച തുടങ്ങും. സമിതിയുടെ ആദ്യ യോഗം ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ കൊച്ചിയിലെ വീട്ടിൽ നടന്നു. പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കളക്ടർ എസ്. സുഹാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സമിതിയ്ക്കായി ഓഫീസ് കെട്ടിടവും ജീവനക്കാരെയും ലഭ്യമാക്കി ഒരാഴ്ചയ്ക്കുള്ളിൽ പ്രവര്‍ത്തനം ആരംഭിക്കും.
ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരെ കൂടാതെ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനും റിട്ട. സിവിൽ എൻജിനീയറും അടങ്ങുന്ന സമിതിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. സുപ്രീം കോടതി നിശ്ചയിച്ച 25 ലക്ഷം രൂപ വരെയുള്ള തുകയാണ് ആദ്യ ഘട്ട നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം എല്ലാ ഉടമകള്‍ക്കും 25ലക്ഷം കിട്ടാൻ സാദ്ധ്യതയില്ല. രേഖകളും വിശദമായ പരിശോധനയും നടത്തിയ ശേഷമായിരിക്കും തുക നിശ്ചയിക്കുക. കൂടുതൽ തുക അവകാശപ്പെടുകയാണങ്കിൽ അക്കാര്യത്തിൽ സമിതി വിശദമായി പരിശോധിച്ച് സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകും. അതിനുശേഷമായിരിക്കും 25 ലക്ഷത്തിനു മുകളിലുള്ള തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ പറഞ്ഞു. പല ഫ്ലാറ്റ് ഉടമകളും യഥാർത്ഥ വിലയെക്കാൾ കുറച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് തർക്കവിഷയമയാൽ സർക്കാർ, ഫ്ലാറ്റ് ഉടമ, ഫ്ലാറ്റ് നിർമ്മാതാക്കൾ തുടങ്ങിയവരുടെ വിശദമായ വാദം കേട്ട ശേഷമായിരിക്കും നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ പറഞ്ഞു.