
തിരുവനന്തപുരം: അടുത്ത സീസണിലെ ഐപിഎല്ലിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക കൈമാറേണ്ട അവസാന തീയതി നവംബര്‍ 15 ആണ്. ഇന്ത്യന്‍ ക്രിക്കറ്റിനേയും ഐപിഎല്ലിനേയും സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച മലയാളി താരം സഞ്ജു വി സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമോ എന്നതാണ്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് സഞ്ജു എത്തുമെന്ന് ഏറെക്കുറേ ഉറപ്പായെന്നാണ് ക്രിക്ബസ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ സീസണ്‍ അവസാനത്തോടെ തന്നെ തന്നെ റിലീസ് ചെയ്യണമെന്ന് മലയാളി താരം റോയല്‍സ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് ടീമുകളുമായി ബന്ധപ്പെട്ടും സഞ്ജുവിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ആദ്യം മുതല്‍ സഞ്ജുവിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വലിയ താത്പര്യം കാണിച്ചിരുന്നു. താരകൈമാറ്റവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജുവിനെ എത്തിക്കുന്നതിന് പകരമായി മുന്‍ നായകനും സൂപ്പര്‍താരവുമായ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് താരം സാം കറന്‍ എന്നിവരെയാണ് ചെന്നൈ വിട്ടുനല്‍കുന്നത്.
ആദ്യഘട്ട ചര്‍ച്ചകളില്‍ രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രെവിസ് എന്നിവരെയാണ് റോയല്‍സ് സഞ്ജുവിന് പകരമായി ആവശ്യപ്പെട്ടതെങ്കിലും ബ്രെവിസിനെ വിട്ടുനല്‍കാന്‍ ചെന്നൈ ഒരുക്കമായിരുന്നില്ല. അതിന് പകരം സിഎസ്‌കെ മുന്നോട്ടുവെച്ച സാം കറന്‍ എന്ന ആശയം റോയല്‍സ് അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ കഴിഞ്ഞ സീസണില്‍ നിലനിര്‍ത്തിയിരുന്നത്. ചെന്നൈയിലേക്ക് പോകുമ്പോള്‍ ഇതേ തുക തന്നെയാകും മലയാളി വിക്കറ്റ് കീപ്പര്‍ക്ക് ലഭിക്കുക.
എന്നാല്‍ സഞ്ജുവിനെ സംബന്ധിച്ച് ഇത് കോടികള്‍ അധികമായി സമ്പാദിക്കാനുള്ള അവസരം കൂടിയാണെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിപണി മൂല്യത്തില്‍ രാജസ്ഥാനേക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ എന്നതാണ് സഞ്ജുവിന് നേട്ടമാകുന്നത്. വിവിധ ബ്രാന്‍ഡുകളുമായുള്ള സഹകരണത്തില്‍ രാജസ്ഥാനില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഇവിടെ സഞ്ജുവിന് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |