
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയിൽ ദേവസ്വം മന്ത്രി വിഎൻ വാസവന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കും. ഇതോടെ സർക്കാരിനെതിരെയുളള പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അദ്ധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
അക്കാലയളവിലുണ്ടായിരുന്ന സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ എന്നിവരുടെയും മൊഴി ശേഖരിച്ചു വരികയാണ്. ഇത് പൂര്‍ത്തിയായശേഷം പത്മകുമാർ അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയുള്ള നടപടികളിലേക്ക് സംഘം കടക്കുമെന്നാണ് സൂചന. ഇതിന് മുമ്പായി, ചില ഇടനിലക്കാരെയും പ്രതിപ്പട്ടികയിലുള്ള മറ്റുചില ഉദ്യോഗസ്ഥരുടേയും അറസ്റ്റിനും സാദ്ധ്യതയുണ്ടെന്നാണ് വിവരം. സ്വർണക്കൊളളയ്ക്ക് പിന്നിലുളള ഗൂഢാലോചനയും അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണിത്.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പടി പൊതിഞ്ഞിരുന്ന സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയാണ് വാസു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ടാംവട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇന്നലെ രാത്രി 7.10ന് പത്തനംതിട്ട ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിലെത്തിച്ച വാസുവിനെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
2019 ഡിസംബർ ഒമ്പതിന് കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻപോറ്റി വാസുവിന് അയച്ച ഇ-മെയിലും നിർണായകമായി. സ്വർണം പൂശിയ ശേഷം ബാക്കിയായ സ്വർണം സാധുവായ പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി തേടിയായിരുന്നു പോറ്റിയുടെ ഇ-മെയിൽ. ഇത് ഒരു സംശയവും ഉന്നയിക്കാതെ വാസു തുടർനടപടികൾക്കായി അയച്ചു. പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇ-മെയിൽ അയച്ചതെന്നും സന്നിധാനത്തെ സ്വർണമാണിതെന്ന് കരുതിയിരുന്നില്ലെന്നുമുള്ള വാസുവിന്റെ വിശദീകരണം അന്വേഷണ സംഘം തളളിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |