
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സമ്പദ് വ്യവസ്ഥ വളരെ മോശമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ പാകിസ്ഥാൻ ചൈനയെ കൂടുതലായി ആശ്രയിക്കുന്നു. പാകിസ്ഥാനി പെൺകുട്ടികളെപ്പോലും വളരെ കുറഞ്ഞവിലയ്ക്ക് ചൈനീസ് പുരുഷന്മാർക്ക് വിൽക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ദാരിദ്ര്യവും മറ്റുമാണ് പെൺമക്കളെ വിൽക്കാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നത്. വിവാഹമെന്ന ഓമനപ്പേരിലാണ് വിൽപ്പന നടത്തുന്നത്. സമ്പന്നരായ ചൈനീസ് പുരുഷന്മാർക്കാണ് പെൺകുട്ടികളെ വിൽക്കുന്നത്. പലപ്പോഴും പ്രായപൂർത്തിപോലും ആവാത്തവരെയാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്.
'ഒന്നര ലക്ഷം രൂപയ്ക്ക് ഭാര്യ' എന്ന ഹാഷ്ടാഗോടെ വിഷയം സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. ദാരിദ്ര്യം മൂലം വിദൂര അതിർത്തി പ്രദേശങ്ങളിലെ ആളുകൾ വിവാഹത്തിന്റെ മറവിൽ തങ്ങളുടെ പെൺമക്കളെ ചൈനീസ് പുരുഷന്മാർക്ക് വിൽക്കാൻ നിർബന്ധിതരാകുന്നു. പണത്തിനു പുറമേ കുടുംബങ്ങൾ പെൺകുട്ടിയുടെ സഹോദരങ്ങളെയും ചൈനയിലേക്ക് അയയ്ക്കുന്നു.
മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം, പാകിസ്ഥാനിൽ 'ബ്രൈഡ് മാർക്കറ്റ്' എന്ന് വിളിക്കപ്പെടുന്നതിന് കൃത്യമായ സ്ഥലമില്ല. ചൈനീസ് ബ്രോക്കർമാർ പലപ്പോഴും പാകിസ്ഥാനിലെ വിദൂര ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്ത് ദാരിദ്ര്യം നിറഞ്ഞ കുടുംബങ്ങളിലെ പെൺകുട്ടികളെ 700- 3,200 ഡോളറിന് (62,000 - 2,83 ലക്ഷം രൂപവരെ) വാങ്ങുന്നു.
പെൺകുട്ടിയുടെ വില അവളുടെ പ്രായത്തെയും ശാരീരിക ആകർഷണത്തെയും ആശ്രയിച്ചിരിക്കുന്നു. പ്രായം കുറഞ്ഞ, കൂടുതൽ സുന്ദരികളായ പെൺകുട്ടികൾക്ക് പലപ്പോഴും ഉയർന്ന വില ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ പെൺകുട്ടികൾ പലപ്പോഴും ചെന്നുകയറുന്ന വീട്ടിൽ ലൈംഗിക അടിമയായി ജീവിതം നയിക്കാൻ നിർബന്ധിതരാകുന്നു. ഈ രീതി ലൈംഗികതയുടെയും മനുഷ്യക്കടത്തിന്റെയും ഒരു രൂപമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി. ഇരകളിൽ ഭൂരിഭാഗവും 12നും 18നും ഇടയിൽ പ്രായമുള്ളവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |