
ഓരോ ദിവസവും നിരവധി വിദേശികളാണ് ഇന്ത്യയിലേക്ക് എത്താറുള്ളത്. ഇപ്പോഴിതാ ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച ഒരു റഷ്യൻ വിനോദ സഞ്ചാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തെക്കുറിച്ച് കണ്ടന്റ് ക്രിയേറ്റർ ആമിന ഫൈൻഡ്‌സ് പങ്കുവച്ച വീഡിയോയാണ് നിമിഷം നേരം കൊണ്ട് വൈറലായത്.
'ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ താൻ സഞ്ചരിച്ചു. ഒടുവിൽ തനിക്ക് പ്രിയപ്പെട്ടയിടം കണ്ടെത്തി. ഇന്ത്യയിൽ താൻ കണ്ട സ്ഥലങ്ങളിലെല്ലാം നല്ല മനുഷ്യരെയും കണ്ടു. നിരവധി മനോഹരമായ സ്ഥലങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ കേരളം വളരെ ശാന്തവും സമാധാനവുമുള്ള സംസ്ഥാനമാണ്. വ്യത്യസ്ത വിശ്വാസങ്ങളാണ് ഇവിടെയുള്ളത്. കേരളത്തിന്റെ വൈവിധ്യവും ശുചിത്വവുമാണ് ഏറെ ഇഷ്ടപ്പെട്ടത്' ആമിന പറഞ്ഞു. 'ഇവിടെയുള്ളവർ അവരുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് കരുതുന്നവരാണ്. തെരുവുകൾ വളരെ വൃത്തിയുള്ളതാണ്. ക്രിസ്ത്യൻ മുസ്ലീം പള്ളികളും അമ്പലങ്ങളും വളരെ അടുത്തായി സമാധാനത്താടെയാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസവും സംസ്കാരവും ഒരുമിച്ചുള്ളവരാണ് ഇവിടെയുള്ളത്. അതിന്റെ ഓർമ്മപ്പെടുത്തലാണ് കേരളം' ആമിന വീഡിയോയിൽ പറഞ്ഞു.
ഇതിനോടകം തന്നെ അരലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടുതലും മലയാളികളാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ദൈവത്തിന്റെ സ്വന്തം നാടിലേക്ക് സ്വാഗതമെന്നും കേരളത്തിലെ എല്ലാ ജില്ലകളും വ്യത്യസ്തമാണ് അവിടെ പോകണമെന്നുമാണ് അവർ പറയുന്നത്. ഏതെങ്കിലും വിദേശികൾ ഇന്ത്യയിലെ പ്രിയപ്പെട്ട സ്ഥലം പറയുകയാണെങ്കിൽ എപ്പോഴും അത് കേരളമായിരിക്കുമെന്നും മറ്റൊരാൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |