
ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോ ദ്വീപിൽ അപ്രതീക്ഷിത കരടി ആക്രമണം. മൃഗങ്ങൾക്ക് ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് മുന്നിലാണ് അക്രമകാരിയായ കരടി എത്തിയത്. പിന്നാലെ ഡ്രൈവർ കാർ പിന്നോട്ട് എടുത്തെങ്കിലും കരടി വാഹനത്തെ പിന്തുടരുകയായിരുന്നു. കരടിയുടെ ആക്രമണത്തിൽ വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.
ഉദ്യോഗസ്ഥൻ സുരക്ഷിതനാണെന്നും മറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നുമാണ് സംഭവസ്ഥലത്തുള്ളവർ പറയുന്നത്. ജപ്പാനിലെ ഹൊക്കൈഡോയിലും വടക്കുകിഴക്കൻ ഹോൺഷുവിലും കരടികളുടെ ആക്രമണം വർദ്ധിച്ചുവരികയാണ്. ഏപ്രിൽ മുതൽ രാജ്യത്ത് കരടി ആക്രമണത്തിൽ 13 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ജപ്പാനിലെ സ്വയം പ്രതിരോധ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്തിന് ചുറ്റും വലിയ കെണികൾ സ്ഥാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷാവസ്തുക്കൾ, കരടികളെ അകറ്റുന്ന ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരടികളെ വെടിവയ്ക്കാനോ കൊല്ലാനോ ഉദ്യോഗസ്ഥർക്ക് അധികാരമില്ല.
ഉയർന്ന അപകടസാധ്യതയുള്ള മേഖലകളെക്കുറിച്ച് താമസക്കാർക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകുന്നതിനായി പരിസ്ഥിതി മന്ത്രാലയവും പ്രാദേശിക അധികാരികളും പ്രത്യേക ഭൂപടം പുറത്തിറക്കിയിട്ടുണ്ട്. ജനവാസ മേഖലകളിൽ നിന്ന് കരടികളെ തുരത്താൻ മുന്നറിയിപ്പുകൾ നൽകുന്നതിനും മറ്റുമുള്ള ഉച്ചഭാഷിണികളുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നത് തുടരുകയാണ്. താമസക്കാരെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജപ്പാൽ പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |