SignIn
Kerala Kaumudi Online
Friday, 28 February 2020 11.28 AM IST

കാണാതെ പോകരുത് ഈ 'വികൃതി'

vikruthi

ഇന്ന് ഇന്റർനെറ്റിനെക്കാൾ വലിയ വിപത്തുകളാണ് ഫേസ്ബുക്ക്,​ വാട്സ് ആപ്പ് പോലുള്ള സോഷ്യൽ മീഡിയ സൃഷ്ടിക്കുന്നത്. ഈ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഒരു നിമിഷത്തെ വികൃതി (നിർദോഷമാണെങ്കിൽ കൂടി)​ മറ്റുപലർക്ക് സമ്മാനിക്കുന്നത് ഒരുപക്ഷേ തീരവ്യഥകളായിരിക്കും. അത്തരത്തിൽ കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടുണ്ടായ ഒരു യഥാർത്ഥ സംഭവത്തിലേക്ക് കാമറ തിരിക്കുകയാണ് നവാഗത സംവിധായകനായ എം.സി.ജോസഫ്.

വികൃതിയിലെ കൃതികൾ


കൊച്ചി മെട്രോയിൽ കിടന്നുറങ്ങിയ എൽദോ എന്ന അംഗപരിമിതനായ യുവാവിനെ, മദ്യപിച്ചു പാമ്പായി കിടക്കുന്നെന്ന തരത്തിൽ ചിത്രം സഹിതം നടത്തിയ പ്രചാരണമാണ് സിനിമയ്ക്ക് ഇതിവൃത്തമാക്കിയിരിക്കുന്നത്. മൂന്ന് ദിവസം മകൾക്കൊപ്പം ആശുപത്രിയിൽ ഉണ്ണാതെ ഉറങ്ങാതെ ആശുപത്രിയിൽ കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങവെ മെട്രോയിൽ കിടന്നുറങ്ങിപ്പോയ എൽദോയുടെ ചിത്രം അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെ സാമൂഹ്യവിമർശനങ്ങളോടെ അവതരിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്.

ഗൾഫിൽ നിന്ന് അവധിക്കായി നാട്ടിലെത്തുന്ന സമീർ (സൗബിൻ ഷാഹിർ)​ എന്ന യുവാവിന്റെ സെൽഫി,​ ഫോട്ടോ ഭ്രമത്തിൽ നിന്ന് തുടങ്ങി ഒടുവിൽ അയാളുടെ ജീവിതത്തിൽ തന്നെ കരിനിഴൽ വീഴ്‌ത്തുന്ന സംഭവങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമ ക്രമേണ വേഗം വീണ്ടെടുത്ത് അപ്രതീക്ഷിത സംഭവങ്ങളിലൂടെ മൂന്നേറുന്നു. ആദ്യപകുതിയിൽ സമീറിന്റെ സെൽഫി ഭ്രമമത്തെ കേന്ദ്രീകരിക്കുന്ന സിനിമ രണ്ടാംപകുതിയിൽ താൻ കാരണം ജീവിതം തകർന്നുപോയ മൂകനായ എൽദോ (സുരാജ് വെഞ്ഞാറമൂട്)​ യിലേക്കാണ് തിരിയുന്നത്. ഒറ്റക്കണ്ണും മൂന്നുകണ്ണുമൊക്കെയുള്ള അത്യാധുനിക കാമറാ ഫോണുകളുടെ കടന്നുവരവോടെ പരസ്പരം സ്വകാര്യത പോലും മാനിക്കാൻ തയ്യാറാകാത്ത സോഷ്യൽ മീഡിയയുടെ അതിരുകടന്ന പ്രവൃത്തികളെ അതിശയോക്തിയില്ലാതെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നു. സന്തോഷകരമായ ജീവിതം നയിക്കുന്ന സമീറിന്റെയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന എൽദോയുടെയും ജീവിതത്തെ സമാന്തരമായി തന്നെ സംവിധായകൻ വരച്ചുകാട്ടുന്നു. പക്ഷേ,​ ഇവർ തമ്മിൽ കാണുന്നത് ക്ളൈമാക്സ് രംഗത്തിലാണെന്നു മാത്രം.

vikruthi2

സൗബിനും സുരാജും രചിക്കുന്ന ചരിത്രങ്ങൾ
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടിനും തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. ഇവർ പരസ്‌പര പൂരകങ്ങളുമാണ്. എങ്കിലും അഭിനയമികവിൽ ഒരുപടി മുന്നിൽ നിൽക്കുന്നത് സുരാജ് തന്നെയാണ്. മിണ്ടാപ്രാണിയായ ഗൃഹനാഥന്റെ മനോവ്യഥകളെ അത്രയ്ക്ക് ഗംഭീരമായാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സുരാജ് എന്ന നടന്റെ റേഞ്ച് ഒരിക്കൽ കൂടി വെളിവാക്കുന്ന കഥാപാത്രമാണ് എൽദോ.


ന്യൂജനറേഷന്റെ മാനസികവവൈകൃതങ്ങളുടെ പ്രതീകമായി സൗബിൻ ജീവിക്കുകയാണ് ചെയ്യുന്നത്. ആദ്യപകുതിയിൽ ചിരിപ്പിക്കുന്ന സൗബിൻ,​ രണ്ടാംപകുതിയിൽ ആത്മസംഘർഷത്തിൽ നിലകിട്ടാതെ ഉഴലുകയാണ്.. താൻ ചെയ്തത് തെറ്റാണെന്നും അതൊരു മൂകനായ ഒരാളോടുമാണെന്നറിയുമ്പോൾ അയാൾ അനുഭവിക്കുന്ന ആത്മസംഘർഷവും മാനസികവ്യഥയും സൗബിന്റെ മുഖത്ത് അനായാസം മിന്നിമറയുന്നുണ്ട്.

vikruthi3

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ വിൻസിയാണ് നായികയായ സീനത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. മൂകയായ ഭാര്യയുടെ വേഷത്തിലെത്തുന്ന സുരഭി , സുരാജിന് മികച്ച പിന്തുണയാണ് നൽകുന്നത്. മാമുക്കോയ, ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, മേഘനാഥൻ, സുധീർ കരമന, മറീന മൈക്കിൾ, ഗ്രേസി, റിയ, പൗളി വിത്സൻ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ കഥാസന്ദർഭത്തിന് ചേരുന്ന ഗാനങ്ങളും അതിനൊത്ത പശ്ചാത്തലസംഗീതവും സിനിമയുടെ മേന്മയാണ്. അജീഷ് പി. തോമസാണ് രചന നിർവഹിച്ചിരിക്കുന്നത്.

വാൽക്കഷണം: വികൃതി വൈകൃതമായി മാറരുത്

റേറ്റിംഗ്: 3

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: REVIEW, FILM REVIEW, VIKRUTHI MOVIE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.