
ഒക്ടോബറില്‍ നാണയപ്പെരുപ്പം 0.25 ശതമാനം
കൊച്ചി: ചരക്കു സേവന നികുതി(ജി.എസ്.ടി) ഇളവിന്റെ നേട്ടത്തില്‍ രാജ്യത്തെ നാണയപ്പെരുപ്പം ഒക്ടോബറില്‍ റെക്കാഡ് താഴ്ചയിലെത്തി. ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സെപ്തംബറില്‍ നാണയപ്പെരുപ്പം 1.54 ശതമാനമായിരുന്നു. ജി.എസ്.ടി നിരക്കുകള്‍ അഞ്ച് ശതമാനവും 18 ശതമാനവുമായി കുറഞ്ഞതിന്റെ പൂര്‍ണ പ്രതിഫലനം കഴിഞ്ഞ മാസമാണ് വിപണിയില്‍ ദൃശ്യമായത്. നിത്യോപയോഗ സാധനങ്ങളില്‍ 90 ശതമാനത്തിനും ജി.എസ്.ടി അഞ്ച് ശതമാനമായി കുറഞ്ഞതാണ് നേട്ടമായത്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വില മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.02 ശതമാനം ഇടിഞ്ഞു. സെപ്തംബറില്‍ വിലയില്‍ 2.28 ശതമാനം കുറവുണ്ടായിരുന്നു. ഗ്രാമീണ മേഖലയില്‍ 4.85 ശതമാനവും നഗരങ്ങളില്‍ 5.18 ശതമാനവും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറഞ്ഞു. തുടര്‍ച്ചയായ നാലാം മാസമാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക ലക്ഷ്യമായ നാല് ശതമാനത്തിന് താഴെ നിലനില്‍ക്കുന്നത്.
ഭക്ഷ്യ വില കുത്തനെ കുറയുന്നു
അവലോകന കാലയളവില്‍ പച്ചക്കറി വില 27.57 ശതമാനം കുറഞ്ഞു. ഭക്ഷ്യ എണ്ണകള്‍, പച്ചക്കറി, പഴം, മുട്ട, ധാന്യങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെയും വില കുത്തനെ താഴ്ന്നു.
കേരളം ഇത്തവണയും ഒന്നാമത്
ഇന്ത്യയൊട്ടാകെ ഉത്പന്ന വില കുറയുകയാണെങ്കിലും കേരളത്തില്‍ നാണയപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടരുകയാണ്. ഒക്ടോബറില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റത്തോത് കേരളത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് കേരളത്തിലെ നാണയപ്പെരുപ്പം 8.56 ശതമാനമാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, മദ്ധ്യ പ്രദേശ് എന്നിവിടങ്ങളില്‍ വിലക്കയറ്റ സൂചിക നെഗറ്റീവ് വളര്‍ച്ചയാണ് നേടിയത്.
സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത്
കേരളം: 8.56%
ജമ്മു ആന്‍ഡ് കാശ്മീര്‍: 2.95%
നാഗാലാന്‍ഡ്: 2.67%
കര്‍ണാടക: 2.34%
വില കുറയുന്ന സംസ്ഥാനങ്ങള്‍
ബീഹാര്‍: -1.97%
ഉത്തര്‍പ്രദേശ്: -1.71%
മദ്ധ്യപ്രദേശ്: -1.67%
ആസാം: -1.5%
കേരളത്തിലെ പ്രതിസന്ധി
കാര്‍ഷിക ഉത്പാദനത്തിലെ തളര്‍ച്ചയും വിദേശ ഇന്ത്യയ്ക്കാരുടെ പണമൊഴുക്കും ഉയര്‍ന്ന ഗതാഗത ചെലവുകളുമാണ് കേരളത്തില്‍ വില കുറയുന്നതിന് വിഘാതമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |