
വാഷിംഗ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറായെ വൈറ്റ്ഹൗസിലേക്ക് സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു കാലത്തും സംഭവിക്കില്ലെന്ന് കരുതിയിരുന്ന കൂടിക്കാഴ്ചയായിരുന്നു ഇപ്പോൾ നടന്നത്. 1946ൽ ഫ്രാൻസിൽ നിന്ന് സിറിയ സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് ഒരു സിറിയൻ നേതാവ് വൈറ്റ്ഹൗസിൽ സന്ദർശനം നടത്തുന്നത്. മുമ്പ് അൽഖ്വയ്ദ കമാൻഡറും അമേരിക്ക ഭീകരനായി മുദ്രകുത്തി പത്ത് മില്യൺ ഡോളർ തലയ്ക്ക് വിലയിട്ട വ്യക്തിയുമാണ് അൽ-ഷറാ.
സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങൾ 180 ദിവസത്തേക്ക് കൂടി യുഎസ് നിർത്തിവച്ച സാഹചര്യത്തിലാണ് അൽ-ഷറായമുയായുള്ള ട്രംപിന്റെ കൂടിക്കാഴ്ച നടന്നത്. 2024 ഡിസംബർ എട്ടിന് ഇസ്ലാമിക സേനയുടെ മിന്നലാക്രമണത്തിലൂടെ മുൻ പ്രസിഡന്റ് ബാഷർ-അൽ-അസദിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത 43കാരനാണ് അൽ-ഷറാ.
മുൻ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ സർക്കാർ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ സിറിയക്ക് മേൽ ചുമത്തിയ ഉപരോധങ്ങൾ സ്ഥിരമായി നീക്കം ചെയ്യുക എന്നതാണ് അൽ-ഷറായുടെ പ്രധാന ആവശ്യം. നിലവിൽ, 'സീസർ ആക്ട്' പ്രകാരമുള്ള അസദിന്റെ ഉപരോധങ്ങൾ പ്രസിഡന്റ് ട്രംപ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഇവ സ്ഥിരമായി റദ്ദാക്കണമെങ്കിൽ അമേരിക്കൻ കോൺഗ്രസ് നിയമം പാസാക്കേണ്ടതുണ്ട്.
ട്രംപുമായുള്ള അൽ-ഷറായുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്നുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള ലഘു സംഭാഷണവും ശ്രദ്ധേയമാകുകയാണ്. 'ഇതാണ് നിങ്ങൾക്കുള്ള ഏറ്റവും മികച്ച സുഗന്ധം.. മറ്റേത് നിങ്ങളുടെ ഭാര്യയ്ക്കുള്ളതാണ്. അൽഷാറയ്ക്ക് പെർഫ്യൂം സ്പ്രേ ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. തുടർന്ന് അൽഷറായ്ക്ക് എത്ര ഭാര്യമാരുണ്ടെന്നും ട്രംപ് തമാശയായി ചോദിക്കുന്നുണ്ട്. ഒരു ഭാര്യയയാണുള്ളതെന്ന് അൽഷറ മറുപടി പറഞ്ഞപ്പോൾ ആർക്കറിയാമെന്ന് പറഞ്ഞ് ട്രംപ് ചിരി പടർത്തി.
സിറിയയുടെ പുരാവസ്തുക്കളുടെ മാതൃകകളാണ് ട്രംപിന് അൽ-ഷറാ സമ്മാനിച്ചത്. ചരിത്രത്തലെ ആദ്യത്തെ അക്ഷരമാല, ആദ്യത്തെ സ്റ്റാമ്പ്, സംഗീത സ്വരം, ആദ്യ കസ്റ്റംസ് തീരുവ തുടങ്ങിയവയുടെ മാതൃകകളാണ് അദ്ദേഹം നൽകിയത്. അതേസമയം അൽ-ഷറായുടെ മുൻകാല ചരിത്രക്കെറിച്ച് ട്രംപ് പ്രതികരിച്ചിരുന്നു. എല്ലാവർക്കുമുള്ളത് പോലെയുള്ള മോശം അനുഭവം അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ടെന്നും മോശം ഭൂതകാലമില്ലെങ്കിൽ വീണ്ടും ഒരവസരം ലഭിക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |