
ഇതുപോലൊരു മടങ്ങിവരവ് മറ്റെവിടെയും കാണില്ല. ടാറ്റ സിയറ ഇലക്ട്രിക് പതിപ്പിന്റെ ടീസർ വീഡിയോ കണ്ടവർ ഓരേസ്വരത്തിൽ പറയുന്നത് ഇങ്ങനെയാണ്. നവംബർ 25ന് ടാറ്റയുടെ ഈ പഴയ പടക്കുതിര പുതിയ രൂപത്തിൽ വിപണിയിൽ എത്തുന്നതിന് മുന്നോടിയായാണ് ടീസർ പുറത്തുവിട്ടത്. പെട്രോൾ, ഡീസൽ മോഡലുകളിൽ നിന്ന് ചെറിയ വ്യത്യാസം ഇലക്ട്രിക് പതിപ്പിനുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകും. എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റ്ബാർ, റാപ്പ് എറൗണ്ട് ടെയിൽ ലാമ്പ് എന്നിവ രൂപം സുന്ദരമാക്കുന്നുണ്ട്. നേരത്തേ തന്നെ ടാറ്റയുടെ പ്രസ്റ്റീജ് മോഡലായ സിയറ വീണ്ടും ഞെട്ടിക്കും എന്നതിന് വ്യക്തമായ തെളിവുകൾ നിരവധിയാണ്. ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയശേഷമായിരിക്കും പെട്രോൾ, ഡീസൽ മോഡലുകൾ വിപണിയിലെത്തിക്കുക.
ഒരു സ്പേസ് ഷട്ടിലിന് സമാനമാണ് സിയറയുടെ ഉൾഭാഗം. ടാറ്റയുടെ ആദ്യത്തെ മൂന്ന് സ്ക്രീൻ ഡാഷ് ബോർഡ് ലേ ഔട്ടാണ് ഈ ഫീൽ തരുന്നത്. ഡ്രൈവർ ഡിസ്പ്ലേ, ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീൻ, കോ പാസഞ്ചർ ഡിസ്പ്ലേ എന്നിവയാണ് മൂന്ന് സ്ക്രീനുകൾ. സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, ആംബിയൻസ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, സുഖകരമായ സീറ്റുകൾ എന്നിവ പക്കാ പ്രീമിയം ലുക്ക് തരുന്നതിനൊപ്പം ആരെയും ആകർഷിക്കുകയും ചെയ്യും.
ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് സീറ്റ് വെന്റിലേഷൻ, ഓഡിയോ സിസ്റ്റം, കണക്റ്റഡ് കാർ ടെക്‌നോളജി തുടങ്ങി നിരവധി സൗകര്യങ്ങൾ സിയറ വാഗ്ദാനം ചെയ്യുന്നുണ്ട്. ലെവൽ 2 അഡാഡ്, 360 ഡിഗ്രി ക്യാമറ, രണ്ടിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ , ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വലിയ വീലുകൾ എന്നിവ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്നതിന് തെളിവാണ്. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിൽ നിലവിലുള്ള ബാറ്ററി സാങ്കേതിക വിദ്യതന്നെയായിരിക്കും സിയറയിലും ഉപയോഗിക്കുക എന്നാണ് അറിയുന്നത്. ഒറ്റചാർജിൽ 500 കിലോമീറ്ററായിരിക്കും റേഞ്ച്. ഫുൾ ചാർജാവാൻ എത്രസമയം വേണമെന്ന് വ്യക്തമല്ല.
വില എത്രയാണെന്ന് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുപ്പതുലക്ഷത്തിന് മുകളിലായിരിക്കും ഇവി പതിപ്പിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. സിയറയുടെ റേഞ്ചിൽ വിപണിയിലുള്ള എസ്‌യുവികളുമായി മത്സരിക്കാൻ പറ്റുന്ന രീതിയിലാരിക്കും വില എന്നാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |