
താനെ: ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ 48കാരന് നഷ്ടമായത് 3.96 കോടി രൂപ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെയിലെ സ്വകാര്യ കമ്പനിയിൽ സീനിയർ മാനേജരായി ജോലി ചെയ്യുന്ന മദ്ധ്യവയസ്കനാണ് പണം നഷ്ടമായത്. മേയിലും ഒക്ടോബറിനും ഇടയിലായിരുന്നു തട്ടിപ്പ് നടന്നത്. ഒരു സെക്യൂരിറ്റി കമ്പനിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അടക്കം മൂന്ന് പേർ തന്നെ സമീപിച്ചിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ മദ്ധ്യവയസ്കൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് വിവിധ ഓഹരികളിലും മറ്റ് മാർക്കറ്റ് ഇടപാടുകളിലും നിക്ഷേപിക്കാൻ പ്രതികൾ ഇയാളെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഉറപ്പ് വിശ്വസിച്ച മദ്ധ്യവയസ്കൻ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 3.96 കോടി രൂപയാണ് തട്ടിപ്പുകാർക്ക് കൈമാറിയിരുന്നത്.
ട്രേഡിംഗ് ലിങ്കുകളിലൂടെ നിയമപരമാണെന്ന പ്രതീതി സൃഷ്ടിച്ച് പ്രതികൾ പണം കൈമാറ്റം ചെയ്ത ശേഷം ഇയാളുമായുള്ള ആശയവിനിമയം പൂർണമായും നിർത്തുകയായിരുന്നു. താനെ സൈബർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ, സാമ്പത്തിക രേഖകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |