
ധാക്ക: മെട്രോയാത്രയിൽ ചെറിയ ലൈറ്ററുകൾ, വെള്ളക്കുപ്പികൾ എന്നിവ കൈവശം വയ്‌ക്കാൻ പാടില്ലെന്ന് യാത്രക്കാർക്ക് നിർദേശം നൽകി അധികൃതർ. ഇന്നലെ ധാക്കയിലെ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശക്തമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. ധാക്ക മാസ് ട്രാൻസിറ്റ് കമ്പനി ലിമിറ്റഡ് ( ഡിഎംടിസിഎൽ) മാനേജിംഗ് ഡയറക്ടർ ഫറൂക്ക് അഹ്‌മദിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
മെട്രോ സ്റ്റേഷനുകളിലുടനീളം യാത്രക്കാരുടെ ബാഗുകളും മറ്റും വിശദമായി പരിശോധിക്കുന്നുണ്ട്. 'പൊതു സുരക്ഷ' ഉറപ്പാക്കാൻ വെള്ളക്കുപ്പികൾ പോലും ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നെന്ന് ബംഗ്ലാദേശ് ദിനപത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയ്‌തു. യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്ത പോക്കറ്റ് ലൈറ്ററുകൾ മെട്രോ സ്‌റ്റേഷനുകളിൽ കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജൂലായിലെ കലാപത്തിനിടെ നടന്ന കുറ്റകൃത്യങ്ങൾക്ക് കാരണക്കാരായവർക്കെതിരെ വിധിപറയാനുള്ള തീയതി അന്താരാഷ്ട്ര കുറ്റകൃത്യ കോടതി (ഐസിടി) പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പാണ് പരിശോധനകൾ ശക്തമാക്കിയത്. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് അധികാരികൾ വ്യക്തമാക്കി.
ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ചൗധരി അബ്ദുല്ല അൽ-മാമുൻ എന്നിവരാണ് കേസിലെ പ്രതികൾ. തിങ്കളാഴ്‌ച കേസിൽ വിധിപറയുമെന്ന് കോടതി അറിയിച്ചു. അവാമി മുസ്ലീം ലീഗ് രാജ്യത്ത് ഇന്റർനെറ്റ് നിരോധനം പ്രഖ്യാപിച്ച സമയത്ത് 17 ബസുകൾക്കാണ് പ്രക്ഷോഭകർ തീ വച്ചത്. അതിൽ 16 സംഭവങ്ങളും ധാക്കയിലും പരിസരപ്രദേശങ്ങളിലും ആയിരുന്നെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ തീ പടരാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളും വസ്‌തുക്കളും തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിലവിൽ പരിശോധനകൾ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |