
പ്രേക്ഷകർ നെഞ്ചിലേറ്റിയ അഞ്ജലി മേനോൻ ചിത്രം 'ബാംഗ്ലൂർ ഡേയ്‌സിന്റെ' തമിഴ് റീമേക്കിൽ അഭിനയിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ റാണ ദഗുബാട്ടി. മനോഹരമായ ഒരു സിനിമയുടെ തനിമ നഷ്ടപ്പെടുത്തിയെന്നും, റീമേക്ക് തെറ്റായ നീക്കമായിരുന്നുവെന്നും റാണ പറയുന്നു. തമിഴിൽ സിനിമ റീമേക്ക് ചെയ്യേണ്ടിയിരുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു. അടുത്തിടെ 'കാന്ത' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സുധീർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിലാണ് റാണയുടെ വെളിപ്പെടുത്തൽ.
'ഞാനും ദുൽഖറും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. 'ബാംഗ്ലൂർ ഡേയ്‌സിലെ' ദുൽഖറിന്റെ കഥാപാത്രമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്നാൽ ഞങ്ങൾ അത് തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ ആ സിനിമയെ പൂർണ്ണമായും നശിപ്പിച്ചു,' റാണ പറഞ്ഞു. ഷൂട്ടിംഗ് സമയത്ത് സഹതാരം ആര്യ പറഞ്ഞ കാര്യവും റാണ പങ്കുവച്ചു.
'ഷൂട്ടിനിടെ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. 'മച്ചാ, ദുൽഖറിനെയും നിവിനെയും നോക്കൂ, അവർ യുവത്വമുള്ള ചെറുപ്പക്കാരാണ്. എന്നാൽ നമ്മളെ കാണുമ്പോൾ ആളുകൾക്ക് തോന്നുന്നത്, മദ്ധ്യവയസ്കരെപ്പോലെയാണ്' റാണ ഓർത്തെടുത്തു. ഭാസ്കർ സംവിധാനം ചെയ്ത 'ബാംഗ്ലൂർ നാൾകളിൽ' ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെയാണ് റാണ അവതരിപ്പിച്ചത്. ദുൽഖർ സൽമാന്റെ വേഷം ആര്യയും, നിവിൻ പോളിയുടെ വേഷം ബോബി സിംഹയുമാണ് ചെയ്തത്. പാർവതി തിരുവോത്ത്, ലക്ഷ്മി റായ്, ശ്രീ ദിവ്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സമാന്ത റൂത്ത് പ്രഭു അതിഥി വേഷത്തിലും എത്തിയിരുന്നു.
ബംഗ്ലൂർഡെയ്സ് തമിഴ് പതിപ്പ് ബോക്സ് ഓഫീസിലും അമ്പേ പരാജയപ്പെടുകയായിരുന്നു. മലയാളത്തിലെ വിജയം തുടരാൻ തമിഴ് പതിപ്പിനും ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും കഴിഞ്ഞിരുന്നില്ല. 2020ൽ നൽകിയ ഒരു അഭിമുഖത്തിലും റാണ തന്റെ ഖേദം പങ്കുവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |