
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിൽ നിന്ന് സംവിധായകൻ സുന്ദർ സി പിന്മാറിയതിൽ പ്രതികരണവുമായി ഭാര്യയും നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. സമൂഹമാദ്ധ്യമ പോസ്റ്റിന് മറുപടി നൽകിയാണ് ഖുശ്‌ബു വിഷയത്തിൽ പ്രതികരിച്ചത്.
'തലൈവർ173 വലിയ പ്രതീക്ഷകളോടെയാണ് തുടങ്ങിയത്. ശരിയായ കഥയില്ല എന്നതാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നാണ് വാർത്തകൾ. എന്തുതന്നെയായാലും പ്രൊഡക്ഷനുമായി സുന്ദർ സി സംസാരിക്കണമായിരുന്നു. പകരം, അദ്ദേഹം അനാദരവും അഹങ്കാരവും പ്രതിഫലിപ്പിക്കുന്ന കത്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്'- എന്നായിരുന്നു ഖുശ്‌ബുവിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ്. 'നിങ്ങൾ കേട്ടുകേൾവി മാത്രം കൊണ്ട് ട്വീറ്റ് ചെയ്യുകയും ചോദ്യം ചോദിക്കുകയും ചെയ്യുകയാണോ? എന്തൊരു ദുരന്തമാണ് നിങ്ങൾ'- എന്നാണ് ഖുശ്‌ബു ഇതിന് മറുപടി നൽകിയത്.
'മോശം കഥ പറച്ചിൽ കാരണം രജനിയും കമലും നിങ്ങളുടെ ഭർത്താവിനെ അവരുടെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടു. ഇന്ത്യൻ സിനിമാ വ്യവസായത്തിന് നിങ്ങളുടെ ഭർത്താവ് സുന്ദർ സിയെ ചവറ്റുകുട്ടയിലേയ്ക്ക് എറിയാൻ സമയമായോ'- എന്ന് മറ്റൊരാൾ ഖുശ്‌ബുവിനോട് ചോദിച്ചു. 'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ'- എന്നായിരുന്നു ഇതിന് നടിയുടെ മറുപടി.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമലഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ അതീവദുഃഖത്തോടെയാണ് പിന്മാറുന്നതെന്നാണ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കത്തിൽ സുന്ദർ സി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |