
പൂനെ: മഹീന്ദ്ര ഥാർ എസ്‌യുവി കഴുതകളെക്കൊണ്ട് ഷോറൂമിലേക്ക് വലിച്ചിഴപ്പിച്ച് യുവാവിന്റെ പ്രതിഷേധം. പുതുതായി വാങ്ങിയ ഥാർ ആവർത്തിച്ച് തകരാറിലായതിനെത്തുർടന്നാണ് പൂനെ നിവാസിയായ സാങ്ഡെയുടെ പ്രതിഷേധം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വക്കാഡിലെ സഹ്യാദ്രി മോട്ടേഴ്‌സ് ഷോറൂമിലേക്കാണ് കഴുതകളെക്കൊണ്ട് വാഹനം വലിച്ചിഴപ്പിച്ചത്, മറാത്തിയിൽ ഷോറൂമിനെ വിമർശിക്കുന്ന വലിയ ബാനറുകൾ കൊണ്ട് സാങ്‌ഡെ ഥാർ മൂടിയിരുന്നു. ഒരു ചെറു സംഘത്തിനൊപ്പം ഘോഷയാത്ര പോലെയാണ് ഥാർ ഷോറൂമിൽ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഡ്രംസ് വായിക്കുന്നുണ്ടായിരുന്നു. ഇത് കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കുന്നതിന് കാരണമായി.
പൂനെയിലെ ജുന്നാർ നിവാസിയായ കാർ ഉടമ ഗണേഷ് സാങ്‌ഡെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഥാർ എസ്‌യുവി വാങ്ങിയത്. ആദ്യനാളുകളിൽ തന്നെ കാറിൽ ചോർച്ചയും എഞ്ചിനിൽ നിന്നും ഉയർന്ന ശബ്ദവും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. കാർ തനിക്ക് വിറ്റ ഷോറൂമിന് ആവർത്തിച്ച് പരാതി നൽകിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാതെ വന്നതോടെയാണ് യുവാവ് ഇത്തരത്തിലൊരു പ്രതിഷേധം നടത്തിയത്.
അതേസമയം മറ്റൊരു വ്യത്യസ്‌തമായ പ്രതിഷേധം ഈ വർഷം ജുലായിൽ മഹാരാഷ്ട്രയിൽ നടന്നിരുന്നു. ഹിന്ദു ശ്മശാനത്തിൽ കളിപ്പാട്ടങ്ങളും വ്യായാമ ഉപകരണങ്ങളും സ്ഥാപിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. പ്രേതങ്ങളുടെ വേഷം ധരിച്ച പ്രദേശവാസികൾ വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷന്റെ വാർഡ് കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തുകയായിരുന്നു.
വെളുത്ത ഷീറ്റുകളും പ്രേതത്തിന്റെ മേക്കപ്പും ധരിച്ച പ്രതിഷേധക്കാർ മുനിസിപ്പൽ ഉദ്യോഗസ്ഥർ പ്രേതങ്ങളെ പരിപാലിക്കുകയാണെന്ന് പരിഹസിച്ചു. ബേനാപട്ടി ഹിന്ദു ശ്മശാനത്തിനുള്ളിൽ ഊഞ്ഞാലുകളും വ്യായാമ ബാറുകളും മറ്റ് വിനോദ ഉപകരണങ്ങളും സ്ഥാപിക്കാനുള്ള വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനെതിരായിരുന്നു പ്രതിഷേധം. ഈ തീരുമാനത്തിൽ രോഷാകുലരായ നാട്ടുകാർ ശ്‌മശാനം ശാരീരിക പ്രവർത്തനങ്ങൾക്കുള്ള സ്ഥലമാക്കി മാറ്റുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |