
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് ആറുമാസം പിന്നിട്ടെങ്കിലും ഇന്ത്യൻ സെെന്യം വരുത്തിയ നാശനഷ്ടം പരിഹരിക്കാൻ കഴിയാതെ പാകിസ്ഥാൻ. പാകിസ്ഥാന്റെ വിവിധ വ്യോമത്താവളങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതിൽ നിന്ന് കരകയറാൻ ഇന്നും പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
പാകിസ്ഥാന്റെ ഒരു പ്രധാന വ്യോമത്താവളമായ നൂർ ഖാൻ എയർബേസിൽ ഇപ്പോഴും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യുദ്ധത്തിൽ പാകിസ്ഥാന് വലിയ നാശനഷ്ടം ഉണ്ടായില്ലെന്ന റിപ്പോർട്ടുകളാണ് ഇത് പൊളിക്കുന്നത്. നൂർ ഖാൻ എയർബേസിൽ പുതിയ പദ്ധതികളും പാകിസ്ഥാൻ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രമുഖ റിപ്പോർട്ടർ ഡാമിയൻ സെെമൺ പറയുന്നത്.
2025 മേയ് മാസത്തിലെ സംഘർഷത്തിൽ ഇന്ത്യ തകർത്ത റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ് പുനർനിർമ്മിക്കാനുള്ള നടപടികൾ പാകിസ്ഥാൻ ആരംഭിച്ചുവെന്ന് നവംബർ ആറിന് സെെമൺ എക്സിൽ കുറിച്ചിരുന്നു. കൂടാതെ ഇന്ത്യയുടെ ആക്രമണത്തിൽ തകർന്ന വടക്കൻ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളത്തിലും ഇപ്പോൾ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. ഇവിടെയുള്ള മേൽക്കൂര ഘട്ടം ഘട്ടമായി പൊളിച്ചുമാറ്റുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

പാകിസ്ഥാനിലുള്ള 10 സൈനിക വ്യോമത്താവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. സുക്കൂർ (സിന്ധ്), റഹിം യാർ ഖാൻ (തെക്കൻ പഞ്ചാബ്), സർഗോധയിലെ മുഷഫ്, ബൊളാരി (വടക്കൻ തട്ട ജില്ല) എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെയും പുനർനിർമ്മാണ നടപടികൾ നടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |