
വയനാട്: ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി (ശാന്ത) യെയാണ് കാണാതായത്. മേപ്പാടി മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അട്ടമലയിലാണ് സംഭവം. എട്ടുമാസം ഗർഭിണിയാണ് ലക്ഷ്മി.
ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂർ വനമാണ്. ഇവിടെയാണ് പൊലീസും വനംവകുപ്പും ചേർന്ന് യുവതിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. ഇവർ പുറംലോകവുമായി അധികം ബന്ധപെട്ടിരുന്നില്ലായെന്നാണ് നാട്ടുകാർ പറയുന്നത്. സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവർ ഉന്നതിയിലേക്ക് മടങ്ങി. ശേഷം ഇന്നലെ മുതൽ ഇവരെ കാണാതാവുകയുമായിരുന്നു.
ലക്ഷ്മി ഏറാട്ടുകുണ്ട് എന്ന വനമേഖലയിൽ താമസിക്കുന്ന അഞ്ച് ആദിവാസി കുടുംബങ്ങളിൽ ഒരംഗമാണ്. പതിവായി ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ ഇവർ വനത്തിൽ പോകാറുണ്ട്. ലക്ഷ്മി ഇന്നലെ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെതുടർന്ന് ബന്ധുക്കൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |