Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

വയലിനെ ചുംബിച്ച വിരലുകൾ...

balabhaskar

ഒരു വിരൽച്ചുംബനത്തിൽ ധ്യാനനേത്രങ്ങൾ തുറന്ന് പാടിത്തുടങ്ങിയ തന്ത്രികൾ കാലത്തിനപ്പുറത്തെ ഏതോ പുലരിയുടെ നെഞ്ചിൽ മുറിവേറ്റു വീണു.   ഈണങ്ങൾ, വീണ്ടുമൊരു വർഷകാലമില്ലാതെ പെയ്‌തൊഴിഞ്ഞ രാഗവേദിയിൽ, മേഘജാലങ്ങൾ വീഴ്ത്തിയ ശ്യാമതാരകം പോലെ ഇരുട്ടിൽ വീണുകിടന്നു. മെരുക്കാനൊരുങ്ങുമ്പോൾ പിണങ്ങിമാറുന്ന വയലിനെ പ്രതിഭയുടെ വിരുതുകൊണ്ട് വരുതിയിലാക്കിയ ആ മാന്ത്രിക വിരലുകൾ ഇനി ശ്രുതിയുണർത്തില്ല.

ബാലഭാസ്‌കർ വയലിനിൽ പിറന്ന്, വയലിനിൽ തന്നെ അസ്തമിച്ചു മാഞ്ഞ പ്രണയരാഗം. നിനച്ചിരിക്കാതെ പിരിഞ്ഞുമറഞ്ഞത് പ്രതിഭാശാലിയായൊരു സംഗീതകാരൻ മാത്രമല്ല ലക്ഷ്മിയുടെയും ജാനിയുടെയും, തിരകൾപോലെ തീരാത്ത കൂട്ടുകാരുടെയും അതിരുകളില്ലാതെ മാന്ത്രികസംഗീതത്തെ നെഞ്ചേറ്റുവാങ്ങിയ ആരാധകരുടെയും പ്രാണഹൃദയം.


 
നാല്പതു വയസ്സിന്റെ ജന്മദൈർഘ്യത്തിൽ നാളേയ്ക്കും, പിന്നത്തെ എല്ലാ നാളേയ്ക്കും ഓർത്തോർത്തു പാടാൻ ഒരുപാടു ബാക്കിവച്ചാണ് ബാലു  പോയത്. ഈണങ്ങൾ സൂര്യകാന്തികളായി മിഴിതുറക്കുന്ന ഈ ഏകാന്തതാര ഒഴിഞ്ഞുതന്നെ കിടക്കും. നിനക്കായ് വീണ്ടും പുനർജ്ജനിക്കാമെന്ന് ബാലു നൽകിയ വാക്കിൽ ഒരിക്കൽക്കൂടി ജീവന്റെ ശ്വാസം തൊടുംവരെ!

ഇടുതുതോളിനു മീതെ ഇലക്ട്രിക് വയലിനമർത്തി, താടികൊണ്ട് അതിനു മീതെ മുറുക്കം പിടിച്ച്, വലംകയ്യിലെ ഇൻസ്ട്രുമെന്റ് സ്റ്റിക്കിനെ തന്ത്രികളുടെ വേദിയിൽ മയൂരനർത്തനമാടിക്കുമ്പോൾ ബാലു കണ്ണടച്ചു നിന്നു. ചുണ്ടിൽ നേർത്തൊരു പുഞ്ചിരിയുടെ പ്രകാശം പരക്കുമ്പോൾ സദസ്സിനറിയാം, ബാലു  ഒരു സ്വപ്നത്തിന്റെ ഏകാന്തദ്വീപിലേക്ക് രാഗയാനം തുഴയുകയാണ്.   പ്രണയത്തിന്റെ മന്ദാരപുഷ്പങ്ങൾ വിടരുകയും, വിരഹത്തിന്റെ മുൾത്തലപ്പുകൾ നെഞ്ചുകീറുകയും, കാത്തിരിപ്പിന്റെ  ഉഷ്ണശ്വാസങ്ങളിൽ വേദനയുടെ കാറ്റു പടരുകയും ചെയ്യുന്ന സംഗീതദ്വീപ്.

ഹാളിലെ ഇരുട്ടിൽ, നിശ്ശബ്ദമായിരുന്ന ആരാധകരെ തിരകൾക്കക്കരെ മറ്റാരും ചെല്ലാത്ത ദ്വീപിലേക്കു കൂട്ടുപോകാൻ ക്ഷണിക്കും പോലെ ബാലുവിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരിയുടെ നിലാവു മാത്രം പരന്നുനിന്നു. ഇടയ്ക്ക് കൺതുറക്കുമ്പോൾ ആരാധസഹസ്രം മിഴിയടച്ചിരിക്കുകയായിരുന്നു. ആസ്വാദകരെ തനിക്കൊപ്പം ഏതു ദ്വിപീലേക്കും ഒരു വയലിൻരാഗത്തിന്റെ മാന്ത്രികവിരലുകൾകൊണ്ട് കവർന്നെടുത്തു പറക്കാൻ നിമിഷങ്ങൾ മതിയായിരുന്നു, ആ മാന്ത്രികന്.

ദൈവം എഴുതിവച്ചതാകണം, ബാലുവിന്റെ ജീവിതത്തിനു മീതെ വയലിനിന്റെ ഒരു വിരലെഴുത്ത്. അല്ലെങ്കിൽ മൂന്നാം വയസ്സിൽ, വീട്ടിൽ കളിപ്പാട്ടങ്ങളും കളിചിരികളും, മൈതാനത്ത് കാൽപ്പന്തുമായി തിമിർത്തുമറിയേണ്ട കാലം ഇവൻ വയലിനിൽ വിരലോടിക്കുമായിരുന്നിലല്ലോ. അമ്മാവൻ, വിശ്രുത സംഗീതവിദ്വാൻ ബി. ശശികുമാർ. അമ്മാവന്റെ പാഠശാലയിലായിരുന്നു, പിന്നെ മുതിരുവോളം ബാലഭാസ്‌കർ.

സംഗീത ശിക്ഷണത്തിന്റെ സംവത്സരങ്ങൾ പെട്ടെന്ന് പൊയ്തുതോർന്നു. ബാലു അപ്പോൾ  യൂണിവേഴ്സിറ്റി കോളേജിൽ എം.എ സംസ്‌കൃതം വിദ്യാർത്ഥിയായിരുന്നു. സംഗീതവും സൗഹൃദങ്ങളും  സംഘഗീതങ്ങളും ചേർന്ന് ആഘോഷകാലം തീർത്ത കാമ്പസിനെക്കുറിച്ച് ബാലു പറയുമായിരുന്നു: വീട്ടിൽ ഒരുപാട് പ്രശ്നങ്ങളിലായിരുന്നു, ഞാൻ. എന്തിനെയെങ്കിലുമൊക്കെ എനിക്കു സ്‌നേഹിക്കണമായിരുന്നു!

balabhaskar

 പക്ഷേ, ആൾബഹളങ്ങളിലേക്കു കയറിച്ചെല്ലാതെ കൈയിലൊരു വയലിൻകൊണ്ട് കാമ്പസിന്റെ ആരവങ്ങളെ ബാലു തനിക്കു ചുറ്റും കാതോർത്തു നിർത്തി. ആരോടും പറയാതിരുന്ന നൊമ്പരങ്ങളെ വയിലിനിന്റെ മാന്ത്രികസ്വരത്തിൽ പൊതിഞ്ഞ് കോളേജിന്റെ കല്പടവുകളിൽ ബാലു സ്വപ്നങ്ങൾ മീട്ടിക്കൊണ്ടിരുന്നു. മനസ്സിൽ മറ്റൊന്നുമില്ല.

 

പതിയെപ്പതിയെ ആകാശം കാർമേഘങ്ങളാൽ പൊതിയപ്പെടുകയും ഒരു മഴ, മേഘഗർഭങ്ങളിൽ നിന്ന് പിടഞ്ഞുണർന്ന് ഭൂമിയിലേക്ക് പെയ്തു തുടങ്ങുകയും ചെയ്തു. വർഷകാല രാത്രികളിൽ വീട്ടിലെ മുറിയിൽ, തുറന്നിട്ട ജാലകങ്ങളിലൂടെ പുറത്തെ ഇരുട്ടിലേക്കു കണ്ണടച്ചുനിന്ന് ബാലു വയലിൻ മീട്ടി. മുറിക്കകം നിറഞ്ഞ തണുത്ത കാറ്റ്, ആ ഈണങ്ങൾ പകുത്തെടുത്ത് പുറത്തേക്കു വീശി. പുലരുവോളം, മഴ തോരുവോളം ബാലുവിന്റെ വയലിൻ പാടിക്കൊണ്ടേയിരുന്നു...


പണ്ട്, വയലിൻകൊണ്ട് താൻ കീഴടക്കിയ കാമ്പസിൽ ആരും മീട്ടാനില്ലാത്തൊരു വയലിനിൽ, മയക്കത്തിലാണ്ട മൂകരാഗമായി ബാലഭാസ്‌കർ കിടന്നു. വേദികളിൽ, ഈണങ്ങളുടെ തിളക്കിത്തിലലിഞ്ഞു നില്ക്കുമ്പോൾ ഏകാന്ത ദ്വീപുകളിലേക്കു നടത്തിയ സ്വ്പനയാനത്തിലെന്നപോലെ കണ്ണടച്ച്. ചുണ്ടിൽ നേർത്ത പുഞ്ചിരിയുടെ നിലാവ് അപ്പോഴും ഉണ്ടായിരുന്നു. പക്ഷേ, അരികെ നിന്നവർ കരച്ചിലിന്റെ തിരയാഴങ്ങളിൽ നിന്ന് ഹൃദയം വീണ്ടെടുക്കാനാകാതെ ശ്വാസംമുട്ടി നിന്നു.

    ഇക്കുറി, വയലിൻ മീട്ടിയത് ബാലുവല്ല, ജീവിതകാലം മുഴുവൻ തന്റെ പാട്ടുകൾക്കു കൂട്ടായിരുന്ന സുഹൃത്തുക്കൾ. അവർ പരസ്പരം ഒന്നു നോക്കുക പോലും ചെയ്യാതെ, അവനായി വേർപാടിന്റെ വിഷാദരാഗം മീട്ടുകയായിരുന്നു. അവരുടെ വയലിനിലേക്ക് മിഴിനീർ വീണുകൊണ്ടിരുന്നു.

    തൂകാനാഞ്ഞു നിന്ന മഴയുടെ കനമുള്ള പകലിൽ യൂണിവേഴ്സിറ്റി കോളേജിലും,  മിഴിനീർക്കണം പോലെ മഴ ചിതറിനിന്ന വൈകുന്നേരം കലാഭവനിലും ബാലുവിന് വിടനൽകാൻ വരിനിന്നത് ആയിരങ്ങളാണ്. അതുവരെ ബാലുവിനെ കേൾക്കാൻ വന്നവർ അന്നാദ്യമായും അവസാനമായും ബാലുവിനെ കാണാൻ വന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും താരമുഖങ്ങളും, കുട്ടികളും കൂട്ടുകാരും, ആദ്യമായി ബാലുവിനെ തൊട്ടരികിൽ കാണുന്നവരും അതുവരെ ആ മാന്ത്രികസ്വരം കേൾക്കുക മാത്രം ചെയ്തിട്ടുള്ളവരും.... ബാലു കണ്ണു തുറന്നതേയില്ല. ഒക്‌ടോബർ രണ്ടിന്റെ പുലർച്ചയിൽ ആ ചുണ്ടുകളിലേക്ക് മരണം ഒരു മൗനഗാനം ചേർത്തുവച്ചിരുന്നു.

വയലിനിൽ കച്ചേരികളുടെ പതിവു വഴക്കങ്ങൾ മാത്രം പിറവിയെടുത്തിരുന്ന വേദികളിൽ, അതുവരെ അപരിചിതമായിരുന്നൊരു സ്വരഭേദത്തിന്റെ ജാലവിദ്യ  ബാലു പുറത്തെടുത്തു. വാക്കുകളേക്കാൾ സൂക്ഷ്മവും സുവ്യക്തവുമായിരുന്നു, ബാലുവിനായി ആ വയലിൻ ഹൃദയംകൊണ്ട് പാടിയ പാട്ടുകൾ. കാരണം, അപ്പോഴേക്കും വയലിൻ ബാലുവിനെ പ്രണയിച്ചു തുടങ്ങിയിരുന്നു. മറ്റാർക്കും മീട്ടാനാകത്ത ഈണങ്ങൾ ബാലുവിനായി മാത്രം ആ വയലിൻ കരുതിവച്ചിരിക്കണം. അല്ലായിരുന്നെങ്കിൽ, അവൻ മീട്ടുന്ന പാട്ടുകളിൽ ഇത്രമേൽ മധുരം ചേരുവതെങ്ങനെ?

 

കാമ്പസ് വേദിയിൽ നിന്ന് കലോത്സവ വേദികളിലേക്കും, അവിടെനിന്ന് ഉത്സവവേദികളിലേക്കും, മെല്ലെ മെല്ലെ ലോകവേദികളിലേക്കും ആ വയലിൻ സ്വരം പറന്നുചെന്നു. ചെന്നിടത്തെല്ലാം അത് ഈണങ്ങൾ കൊണ്ട് കാഴ്ചകൾ കാണാൻ പഠിപ്പിച്ചു. ഗിരിശിഖരങ്ങളുടെയും താഴ്വരകളുടെയും കാഴ്ചകൾ. കാറ്റിന്റെയും കടലിരമ്പത്തിന്റെയും കാഴ്ചകൾ. പ്രണയസ്വനങ്ങളുടെയും നഷ്ടസ്വപ്നങ്ങളുടെയും നടന്നുചെല്ലുമ്പോൾ അകന്നകന്നുപോകുന്ന മായാമരീചികയുടെയും ദൂരക്കാഴ്ചകൾ. അകക്കണ്ണിന്റെ തിരശ്ശീലയിൽ കാഴ്ചകളായി തെളിയുന്നതായിരുന്നു ബാലു മീട്ടിയ ഈണമോരോന്നും. ആ കണ്ണുകളാണ് മയക്കത്തിന്റെ മുഖപടത്തിനു കീഴെ, ഇനിയൊരിക്കലും തുറക്കാതിരിക്കാനായി തിരിതാഴ്ത്തിയത്....

വയലിനിലെ പ്രണയഗന്ധർവനെന്ന് മാധ്യമങ്ങൾ ശീർഷകമെഴുതുമ്പോഴെല്ലാം ബാലു പാടിക്കൊണ്ടിരുന്നത് ലക്ഷ്മിക്കു വേണ്ടിയായിരുന്നു. അവസാനിക്കാത്ത പ്രണയകഥകളെല്ലാം ചേർത്തുവച്ചാലും, പകരംവയ്ക്കാനില്ലാത്ത നെഞ്ചടുപ്പം കൊണ്ട് സ്പന്ദിച്ചുകൊണ്ടേയിരിക്കുന്ന അസാധാരണവും ധീരവുമായൊരു പ്രണയം. എതിർപ്പുകളോട് വഴങ്ങാതെയും, എരിഞ്ഞുതീരില്ലെന്ന് പരസ്പം കരഞ്ഞുപറഞ്ഞും കൈപിടിക്കുമ്പോൾ അവനും അവൾക്കും ഇരുപത്തിരണ്ട് വയസ്സ്. ബാലു യൂണിവേഴ്സിറ്റി കോളേജിൽ എം.എയ്ക്ക് സംസ്‌കൃതത്തിനും, ലക്ഷ്മി ഹിന്ദിക്കും.

 

balabhaskar

 ഒന്നാം വർഷ ക്ലാസ് തുടങ്ങി, രണ്ടാഴ്ച കഴിഞ്ഞപ്പോൾ ലക്ഷ്മിയെ ബാലുവിനു പരിചയപ്പെടുത്തി, ഒരു സുഹൃത്ത് പറഞ്ഞു: നിന്നെപ്പോലെ ഒരു വെജിറ്റേറിയൻ! പാട്ടും സംഗീതവും പ്യുവർ വെജിറ്റേറിയൻ ഭക്ഷണവുമായി നടന്ന ബാലുവിന് അതുപോലൊരു ഹൃദയസഖിയെ വേണമായിരുന്നു. പരിചയപ്പെടുത്തിയ സുഹൃത്ത് തിരക്കുണ്ടെന്നു പറഞ്ഞ് നടന്നിട്ടും അവർ പിരിഞ്ഞുപോയില്ല. കോളേജിന്റെ ഇടനാഴികളിലൂടെ, കാമ്പസിലെ തണൽമരങ്ങൾക്കു താഴെ, കാന്റീനിലെ വെജിറ്റേറിയൻ മേശയ്ക്കരികെ, മൈതാനക്കോണിലെ തിരക്കൊഴിഞ്ഞ മണൽനിലത്ത്... അവർ വർത്തമാനം പറഞ്ഞിരുന്നു. മൂന്നാം ദിവസം, വയലിനിൽ ബാലു ആ പ്രണയരാഗം വായിച്ചു.

 

സൗഹൃദത്തിനപ്പുറത്തേക്ക് ആ ഈണം നീട്ടിയെഴുതാൻ മടിച്ച ലക്ഷ്മിക്കു പിന്നാലെ  ഒന്നരവർഷമാണ് ബാലു പ്രണയത്തിന്റെ ശലഭച്ചിറകു വിരിച്ച് പാറിയത്. പറ്റില്ലെന്നു പറയാൻ  നൂറു കാരണങ്ങൾ തിരഞ്ഞ ലക്ഷ്മിക്കു മുന്നിൽ ബാലുവും ആ വയലിനും കണ്ണീരണിഞ്ഞു നിന്നു. അവനു മാത്രമല്ല, തന്ത്രികളിൽ എക്കാലവും ശ്രുതിചേർക്കാൻ അവന്റെ വയലിനും വേണമായിരുന്നു മധുരമായൊരു പ്രണയഗാനം.

ഇരുപത്തിരണ്ടാം വയസ്സിൽ ലക്ഷ്മിയുടെ കൈപിടിച്ച് കാമ്പസിൽ നിന്നിറങ്ങുമ്പോൾ ബാലുവിനു മുന്നിൽ സംഗീതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാലു ഈണത്തിന്റെ വിരൽപിടിച്ചു. ആ ധൈര്യത്തിൽ ലക്ഷ്മി ബാലുവിന്റെ കരങ്ങൾ മുറുക്കെപ്പിടിച്ചു.

പതിനാറു വർഷങ്ങൾ വേണ്ടിവന്നു, ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജസ്വിനി ബാലയെന്ന ശ്രുതി വന്നുചേരാൻ. മകൾക്ക് രണ്ടു വയസ്സായിട്ടും അവൾക്കായ് നേർന്ന വഴിപാടുകൾ തീർന്നിരുന്നില്ല. ഒടുവിൽ, വടക്കുംനാഥ ക്ഷേത്രത്തിലെ വഴിപാടുകൾ കഴിഞ്ഞ്, അന്നു തൃശൂരിൽത്തന്നെ താമസിക്കാമെന്ന തീരുമാനം മാറ്റിവച്ച് തിരുവനന്തപുരത്തേക്ക് കാറിൽ പുറപ്പെടുമ്പോൾ ബാലുവിന്റെ വയലിനിൽ വിധി  ആദ്യമായൊരു അപശ്രുതി എഴുതിച്ചേർക്കുകയായിരുന്നു എന്ന് ആരറിയാൻ?

കാറിന്റെ മുൻസീറ്റിൽ അച്ഛന്റെ നെഞ്ചോടു ചേർന്നുറക്കമായിരുന്നു, കുഞ്ഞു ജാനി. ലക്ഷ്മി പിൻസീറ്റിൽ ഇടയ്ക്കിടെ ഉണർന്നും, പിന്നെയും നിദ്രയിലേക്കു ചാഞ്ഞുമിരുന്നു.  തിരുവനന്തപുരമെത്താൻ പിന്നെ കുറച്ചുനേരം കൂടി മതിയായിരുന്നു.  പൂർത്തിയാകാതെ പോയ ആ യാത്ര ഒരു നടുക്കത്തിൽ അവസാനിക്കുമ്പോൾ പിന്നീടൊരിക്കലും തെളിയാത്ത ഉറക്കത്തിലേക്ക് അച്ഛന്റെ ജാനി പൊയ്ക്കഴിഞ്ഞിരുന്നു.

അവസാമെത്തിയ വാർത്തയായി ദിനപത്രങ്ങളുടെ ഒന്നാം പേജിൽ ആ ദുരന്തം കറുപ്പിലും വെറുപ്പിലും തെളിയുമ്പോൾ, ഉറക്കച്ചടവുള്ള കണ്ണുകളുമായി ടെലിവിഷൻ ചാനലുകളിലെ ഏർളി മോർണിംഗ് ബ്രേക്കിംഗ് ന്യൂസ് പുറത്തുവരുമ്പോൾ അനന്തപുരി ആശുപത്രിയിലെ ഐ.സി.യുവിൽ ബാലഭാസ്‌കറും ലക്ഷ്മിയും ദീർഘമായ മയക്കത്തിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ലക്ഷ്മി നേർത്തൊരു ബോധത്തിലേക്കു മിഴിതുറന്ന് ജാനിയെ തിരയുമ്പോഴും ബാലു കണ്ണുതുറന്നില്ല.

ഒടുവിൽ, സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാർത്ഥനകളുടെ വിരൽ വിടുവിച്ച് മരണം തിരികെയെടുത്തതിനു തലേന്ന് ബാലു ബോധത്തിലേക്കു കയറിവന്നു. ആരുമറിഞ്ഞില്ല, അവസാനത്തെ യാത്രയ്ക്കു മുൻപ്, വയലിനിൽ ആ മൂകരാഗം വായിക്കാൻ അവൻ കണ്ണു തുറക്കുകയായിരുന്നെന്ന്.... ബാലുവും തേജസ്വിനിയുമില്ലാത്ത ലോകത്ത്, ഇപ്പോൾ ലക്ഷ്മിയേയുള്ളൂ. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഈണംപോലെ സുഹൃത്തുക്കളുടെ മൊബൈലിൽ, ഗാലറി പിക്‌ചേഴ്സിലുണ്ടായിരുന്ന ഒരു കുടുംബചിത്രം ഇനി ഓർമ്മ മാത്രമാണ്. പാടിത്തീരുംമുമ്പേ, വയലിനിൽ മുറിഞ്ഞുപോയ പ്രണയരാഗം  പോലെ നൊമ്പരത്തിന്റെ നഖമുനയാഴ്ന്ന ചിത്രം.

പന്ത്രണ്ടാം വയസ്സിൽ ആദ്യ കച്ചേരി. പതിനേഴാം വയസ്സിൽ ചലച്ചിത്ര സംഗീത സംവിധായകൻ. മുപ്പതാം വയസ്സിൽ ബിസ്മില്ലാഖാൻ സംഗീത പുരസ്‌കാരം. കാമ്പസ് കാലത്ത്, സുഹൃത്തുക്കളുമൊത്തു ചേർന്ന് കൺഫ്യൂഷൻ എന്ന പേരിൽ മലയാളത്തിലെ ആദ്യ പോപ്പ് മ്യൂസിക് ബാൻഡിന് തുടക്കമിടുമ്പോൾ, മുന്നിൽ തെളിയുന്ന രാഗവഴികളെക്കുറിച്ച് ബാലഭാസ്‌കറിന് ഒട്ടുമുണ്ടായിരുന്നില്ല, കൺഫ്യൂഷൻ.

കോൺസട്രേറ്റഡ് ഇൻ ഫ്യൂഷൻ എന്നു ബാലു തന്നെ വിശദീകരിക്കുന്ന ആൽബം കാമ്പസുകൾ ഏറ്റെടുത്തത് നിലയ്ക്കാത്ത കയ്യടികളോടെ. പതിനേഴാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമൊരുക്കിയ ബാലഭാസ്‌കർ പിന്നീട് മോക്ഷം, കണ്ണാടിക്കടവത്ത്, പാട്ടിന്റെ പാലാഴി തുടങ്ങി നാലഞ്ചു ചിത്രങ്ങൾക്കു കൂടി സംഗീതം പകർന്ന ശേഷം ചലച്ചിത്രങ്ങളിൽ നിന്ന് ഇടവേളയെടുത്ത് സ്വന്തം സംഗീത പരീക്ഷണങ്ങളുടെ തിരക്കിലേക്കു ചെന്നു.

ഈസ്റ്റ് കോസ്റ്റ് വിജയനു വേണ്ടി ഒരുക്കിയ നിനക്കായ്, ആദ്യമായ് തുടങ്ങിയ ആൽബങ്ങൾ പ്രണയത്തിന്റെയും വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും പുതിയ വരികളും ഈണവുമായി കാമ്പസുകളുടെ ധമനികൾ കീഴടക്കി. വയലിനിൽ പാശ്ചാത്യ സംഗീതത്തിന്റെയും കർണാടക സംഗീതത്തിന്റെയും ചെണ്ടയുടെയും മാസ്മരവും അവിശ്വസനീയവുമായ മേളനം സാധ്യമാക്കി ഫ്യൂഷൻ സംഗീതരംഗത്ത് മലയാളത്തിന്റെ മേൽവിലാസം   എഴുതിച്ചേർത്തത് ബാലഭാസ്‌കർ ആയിരുന്നു.

ലോകം ആദരപൂർവം ശിരസ്സു നമിക്കുന്ന സംഗീതകാരന്മാർക്കൊപ്പം ചേർന്ന ലോകവേദികൾ. ഉസ്താദ് സക്കീർ ഹുസൈൻ, ശിവമണി, ലൂയി ബാങ്ക്, ഹരിഹരൻ, വിക്കു വിനായക് റാം, മട്ടന്നൂർ ശങ്കരൻകുട്ടി, ഫസൽ ഖുറേഷി... ബാലുവിന്റെ വയലിനൊപ്പം ചേർന്ന പ്രമുഖരുടെ നിര ദൈർഘമുള്ളതാണ്. സ്വന്തം മ്യൂസിക് ബാൻഡ് ആയ ബാലലീലയ്‌ക്കൊപ്പം ലോകം ചുറ്റിയ ബാലു, ബിഗ് ബാൻഡ് എന്ന സ്വപ്നത്തിനും സാക്ഷാത്കാരം നൽകി.

ബാലുവിന് തിരക്കായിരുന്നു. ഇരുപത്തിയഞ്ചു സംവത്സരങ്ങൾ പിന്നിടും മുമ്പ് ഒരു ജന്മകാലം ചെയ്തുതീർക്കേണ്ടതെല്ലാം ധൃതിയോടെ പൂർത്തീകരിക്കാനെന്ന പോലെ   ബാലു വിശ്രമമില്ലാതെ വയലിനിലേക്ക് ജീവിതം പകുത്തുവച്ചു. അപ്പോഴും, സൗഹൃദങ്ങൾക്കു നടുവിൽത്തന്നെ ആയിരുന്നു ബാലു. വയലിനും ലക്ഷ്മിയും കുഞ്ഞുമകൾ ജാനിയും കഴിഞ്ഞാൽ സുഹൃത്തുക്കളായിരുന്നു ബാലുവിനെല്ലാം.

 

balabhaskar

 ബാലു മോധമറ്റു കിടന്ന ആശുപത്രിയുടെ ഇടനാഴികളിലും മുറ്റത്തും ഈണമെഴിഞ്ഞ ആ ശരീരം ഭൗതിക ദർശനത്തിനു വച്ച യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലും അവർ അപ്പോഴും വിശ്വസിക്കാനാകാത്ത ആ യാഥാർത്ഥ്യത്തിന്റെ നടുക്കത്തിലും, സത്യം തിരിച്ചറിയുന്ന ഓരോ നിമിഷവും പൊതുഞ്ഞുപിടിക്കാനാകാത്ത കണ്ണീരിലും മുഖംപൊത്തി നിന്നു.

കലാഭവന്റെ വേദിക്കു താഴെ, ഒരിക്കലും പുലരാത്തൊരു രാത്രിയുടെ ആഴങ്ങളിൽ ബാലു മിഴികളടച്ചു കിടക്കുമ്പോൾ, അവർ അവനു വയലിൻ മീട്ടിക്കൊണ്ടേയിരുന്നു. ഒരിക്കൽ അവൻ മീട്ടിയ രാഗങ്ങൾ, അനാഥശലഭങ്ങളായി കാറ്റിൽ ശിഖരങ്ങൾ തിരഞ്ഞുനടന്നു. വയലിനെ ചുംബിച്ച വിരലുകൾ വല്ലാതെ തണുത്തുപോയിരുന്നു.

 

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BALABHASKAR, BALABHASKAR TRIBUTE, TRIBUTES, MUSIC
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY