
ഇടുക്കി: മൂന്നാറിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞുമടങ്ങുകയായിരുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയും സംഘവും കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നാർ ഡിവിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി സി നെൽസണും സംഘവുമാണ് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് നല്ലതണ്ണി കല്ലാറിൽ ഒറ്റക്കൊമ്പനെന്ന കാട്ടാനയുടെ മുന്നിൽ പെട്ടത്. നെൽസണും സംഘവും യാത്ര ചെയ്ത ജീപ്പിനെ അരകിലോമീറ്ററോളം കാട്ടാന പിന്നോട്ട് ഓടിപ്പിക്കുകയായിരുന്നു.
പുതുക്കാട്, ഫാക്‌ടറി ഡിവിഷനുകളിലെ പ്രചാരണത്തിനുശേഷം എസ്റ്റേറ്റ് റോഡുവഴി മൂന്നാറിലേക്കു വരുന്നതിനിടയിലായിരുന്നു സംഭവം. രണ്ട് ദിവസമായി കല്ലാറിലെ മാലിന്യപ്ലാന്റിലെ സംരക്ഷണ ഭിത്തികൾ തകർത്ത് ആക്രമണകാരിയായി കഴിയുന്ന ഒറ്റക്കൊമ്പനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്ന ഡ്രൈവർ ജോൺ ഏബ്രഹാം ആനയെ കണ്ടതോടെ ഇടുങ്ങിയ വഴിയിലൂടെ ജീപ്പ് പിന്നോട്ട് ഓടിക്കുകയായിരുന്നു. ഇതോടെ ചിന്നംവിളിച്ച് ജീപ്പിനുനേരെ ആനയും ഓടാൻ തുടങ്ങി. അര കിലോമീറ്റർ ഓടിച്ചശേഷം മഞ്ഞും ഇരുട്ടും കാരണം പിന്നോട്ടു പോകാൻ കഴിയാതെ ജീപ്പ് നിർത്തി. ആന വാഹനത്തിന് ചുറ്റും തുമ്പി കൊണ്ട് മണം പിടിച്ച് നടന്ന ശേഷം സമീപത്തെ തേയില തോട്ടത്തിലേക്ക് നടന്നുകയറി. ആന മാറിയശേഷമാണ് സംഘം യാത്ര തുടർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |