ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽക്കൂട്ടം ഇളകിയത് മേഖലയിൽ പരിഭ്രാന്തി പരത്തി. അതിഥി തൊഴിലാളികളും തൊഴിലുറപ്പ് ജോലിക്കാരും ഉൾപ്പെടെ 12 പേർക്ക് കുത്തേറ്റു. രക്ഷപ്പെട്ട് ഓടുന്നതിനിടെ കാണാതായ അതിഥി തൊഴിലാളികളിൽ ഒരാളെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ സാരമായി കുത്തേറ്റ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 8.15 നാണ് സംഭവം. ഞാറുകുളം ജോളിയുടെ കൃഷിയിടത്തിൽ നാല് അതിഥി തൊഴിലാളികൾ യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുമ്പോഴാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ഇവരുടെ കൂട്ടത്തിലെ വിശാൽ എന്ന തൊഴിലാളിയെ കാണാതായത് ആശങ്ക പരത്തി. നികേഷ്, സമീപം തൊഴിലുറപ്പ് ജോലി ചെയ്‌തിരുന്ന വത്സ, തങ്കമ്മ, മേരി, പെണ്ണമ്മ, പ്രദേശവാസികളായ പോൾ മനയ്ക്കലാത്ത്, വത്സ മനയ്ക്കലാത്ത്, നിഖിൽ മനയ്ക്കലാത്ത്, ലൂസി പാലത്തടം എന്നിവർക്കും കുത്തേറ്റു. കാണാതായ വിശാലിനെ പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം, വിനോദ് അമ്പലപ്പറമ്പിൽ, നിഷിൽ പാലത്തടം, ജോർജ് ചങ്ങാലിത്തുണ്ടം എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്. എല്ലാവരും ഇരിട്ടിയിലെ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സ തേടി തിരികെയെത്തിയ പ്രദേശവാസി മനയ്ക്കാലത്ത് കുടുംബാംഗങ്ങൾ കടന്നൽ ഭീഷണി തുടർന്നതിനാൽ വൈകിട്ടോടെയാണ് വീട്ടിനുള്ളിൽ പ്രവേശിച്ചത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |