
പാലക്കാട്: ലൈംഗിക പീഡനക്കേസിനെ തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്നു. രാഹുൽ ഒളിവിൽ പോയി ഇന്നേക്ക് ആറാം ദിവസമായി. പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി പരിശോധന തുടരുകയാണ്. പാലക്കാട് നിന്ന് പോകും മുമ്പ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും
രാഹുലിനെ അറസ്റ്റ് ചെയ്യാൻ തന്നെയാണ് പൊലീസ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് വന്നശേഷം അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെന്നായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ അതിന് മുൻപ് അറസ്റ്റ് ചെയ്യുമെന്ന നിലപാടിലേക്ക് പൊലീസ് എത്തിയിരിക്കുകയാണ്. രാഹുലിനെ തേടി പൊലീസ് ബംഗളൂരുവിലും തമിഴ്നാട്ടിലും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രാഹുൽ പാലക്കാട്ട് നിന്ന് രക്ഷപ്പെട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്വന്തം കാർ ഉപേക്ഷിച്ച് ചുവന്ന നിറത്തിലുള്ള കാറിലാണ് യാത്രചെയ്തതെന്നാണ് സൂചന. ഒരു ചലച്ചിത്ര താരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നും വിവരമുണ്ട്. രാഹുലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു. രാഹുലിനെ കണ്ടെത്താൻ എല്ലാ ജില്ലകളിലും എസ്പിമാരുടെ സംഘമുണ്ട്.
ഇതിനിടെ, ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് തന്റെ ഭാഗം ന്യായീകരിക്കാനുള്ള തെളിവുകൾ അഭിഭാഷകൻ മുഖേന രാഹുൽ ഹാജരാക്കിയത്. ഫോട്ടോകൾ, വാട്സാപ്പ് സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ, ഫോൺ രേഖകളിൽ തിരിമറിയോ മാറ്റങ്ങളോ വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, അതിജീവിതയുമായുളള ശബ്ദ സന്ദേശങ്ങളുടെ പെൻഡ്രൈവ് എന്നിവയാണ് ഹാജരാക്കിയത്. തെളിവുകൾ ആധികാരികമാണെന്ന് ബോദ്ധ്യപ്പെടുത്താനാണ് ഹാഷ് വാല്യു സർട്ടിഫിക്കറ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |