
കൊച്ചി: ബംഗളൂരു-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിൽ ക്രിസ്മസ് ദിന ബുക്കിംഗ് പൂർത്തിയായി. ക്രിസ്മസിന് 24 ദിവസം ബാക്കി നിൽക്കെയാണ് എല്ലാ സീറ്റും നിറഞ്ഞത്. ഇതോടെ എട്ട് കോച്ചുകളുള്ള സർവീസ് 16 ആക്കി ഉയർത്തണമെന്ന ആവശ്യവും ശക്തമായി. വെയിറ്റിംഗ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20, 25 ദിവസങ്ങളിലെ ടിക്കറ്റെടുക്കാൻ സാധിക്കില്ല. ഈ മാസം 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ചെയർകാറിലെ വെയിറ്റ് ലിസ്റ്റ് 100 കടന്നിട്ടുണ്ട്.
എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള മടക്ക യാത്രയിൽ 28, ജനുവരി 4 ദിവസങ്ങളിലെ ബുക്കിംഗ് നിർത്തി. കഴിഞ്ഞ മാസം സർവീസ് ആരംഭിച്ച കേരളത്തിന്റെ മൂന്നാം വന്ദേഭാരതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ഇരുവശങ്ങളിലേക്കുള്ള ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. കെഎസ്ആർ ബംഗളുരൂവിൽ നിന്ന് പുലർച്ചെ 05.10ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 26651) ഉച്ചക്ക് 01.50ന് എറണാകുളം ജംഗ്ഷനിലെത്തും.
കൃഷ്ണരാജപുരം,സേലം,ഈറോഡ്,തിരുപ്പൂർ,കോയമ്പത്തൂർ, പാലക്കാട്,തൃശൂർ,എറണാകുളം. മടക്കയാത്ര എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചക്ക് 02.20ന് പുറപ്പെട്ട് (നമ്പർ 26652) രാത്രി 11.00ന് കെ.എസ്.ആർ ബംഗളൂരു സ്റ്റേഷനിലെത്തും.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ്. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |