
ഡൽഹി: ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ റോഡരികിൽ കിടക്കുന്ന കല്ലുകൊണ്ടും പണം സമ്പാദിക്കാനാകുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിശയകരമായ രീതിയിൽ കല്ലിനെ രൂപമാറ്റം വരുത്തുന്ന യുവാവാണ് വീഡിയോയിലുള്ളത്.
റോഡരികിൽ നിന്ന് അൽപം വലിയൊരു കല്ലെടുക്കുകയാണ് യുവാവ്. തുടർന്ന് തനിക്ക് വേണ്ടരീതിയിൽ ആ കല്ല് മുറിച്ചെടുക്കുന്നു. പിന്നിൽ ഒരു ചതുരവും മുൻവശത്ത് ഒരു ദ്വാരവും കൊത്തി ക്ലോക്ക് മെഷീൻ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ കല്ലിന് ആകൃതി നൽകുന്നു.
ശേഷം യുവാവ് അതിൽ പെയിന്റടിക്കുന്നു. പെയിന്റ് ഉണങ്ങിയ ശേഷം കല്ല് നന്നായി തിളങ്ങുന്നത് കാണാം. പിന്നിൽ ക്ലോക്ക് മെക്കാനിസം ഘടിപ്പിക്കുന്നു. ഇതൊക്കെ ചെയ്യാൻ വെറും 460 രൂപ മാത്രമാണ് യുവാവ് ചെലവാക്കിയത്. തുടർന്ന് ആ കലാസൃഷ്ടി ഡൽഹിയിലെ കൊണാട്ട് പ്ലേസിലേക്ക് കൊണ്ടുപോകുന്നു.
പലരും കൗതുകത്തോടെ അത് നോക്കിനിൽക്കുന്നു. പക്ഷേ സൂക്ഷ്മമായി നോക്കിയതോടെ അവർക്ക് ക്ലോക്കിലുള്ള താത്പര്യം നഷ്ടപ്പെടുന്നു. ഈ ക്ലോക്കിൽ ചെറിയൊരു പണി കൂടി ചെയ്യേണ്ടതുണ്ടെന്ന് യുവാവിന് മനസിലായി. പിന്നിൽ അനുയോജ്യമായ കവർ ചേർത്തുകൊണ്ട് അയാൾ ക്ലോക്കിനെ നവീകരിക്കുന്നു. ഇതോടെ ക്ലോക്കിന് നല്ലൊരു ഫിനിഷിംഗ് കിട്ടിയതായി കാണാം. വീണ്ടും വിൽക്കാൻ കൊണ്ടുപോകുന്നു.
കണ്ടപ്പോൾ തന്നെ ഒരാൾക്ക് ക്ലോക്ക് ഇഷ്ടമായി. വില ചോദിച്ചപ്പോൾ യുവാവ് ആത്മവിശ്വാസത്തോടെ 5,000 രൂപയാണെന്ന് പറയുന്നു. വിലപേശാൻ നിൽക്കാതെ ആ വ്യക്തി ക്ലോക്ക് ഉടനടി വാങ്ങുന്നു. അതായത് ഒരു കല്ലിൽ നിന്ന് 4,540 രൂപയുടെ ലാഭമാണ് യുവാവ് ഉണ്ടാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |