
എല്ലാ മൊബൈൽ ഫോൺ നിർമ്മാതാക്കളും ടെലികോം വകുപ്പ് വികസിപ്പിച്ച സൈബർ സുരക്ഷാ ആപ്പ് സഞ്ചാർ സാഥി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 90 ദിവസത്തിനുള്ളിൽ നിർദ്ദേശം നടപ്പിലാക്കി 120 ദിവസത്തിനുള്ളിൽ വകുപ്പിന് റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിലുള്ളത്. നിർമ്മാണവേളയിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് ആദ്യ ഉപകരണ സജ്ജീകരണ സമയത്ത് വ്യക്തമായി ദൃശ്യമാകണം. പെട്ടെന്ന് ഉപയോഗിക്കാനുമാകണം. നിലവിൽ വിൽപനയ്ക്ക് എത്തിച്ച മോഡലുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. സഞ്ചാർ സാഥി വഴി സർക്കാരിന് ഉപഭോക്താവിന്റെ ഫോൺ ട്രാക്കു ചെയ്യാൻ കഴിയുമെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. എന്നാൽ എന്താണ് സഞ്ചാർ സാഥി ആപ്പ്? ഇത് ഇൻസ്റ്റാൾ ചെയ്താലുള്ള ഗുണങ്ങൾ എന്തൊക്കെ? പരിശോധിക്കാം..
ഇന്ത്യയിലെ സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 28ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം, രാജ്യത്ത് വിൽക്കുന്ന എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും സഞ്ചാർ സാഥി ബിൽറ്റ്ഇൻ ആയി വരണമെന്ന് നിഷ്‌കർഷിക്കുന്നു. നിലവിൽ വിപണിയിലുള്ള ഫോണുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് നിർമ്മാതാക്കൾ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും പുറത്തിറക്കണം.
2023 മേയിൽ സർക്കാർ ആരംഭിച്ച വെബ് പോർട്ടലിന്റെ അടിസ്ഥാനത്തിലാണ് സഞ്ചാർ സാഥി ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി സഞ്ചാർ സാഥി മൊബൈൽ ആപ്പ് ഡിഒടി പുറത്തിറക്കിയിരുന്നു. ഇത് ഉപയോക്താക്കൾക്ക് മൊബൈലുമായി ബന്ധപ്പെട്ട തട്ടിപ്പുകളും മോഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനുള്ള എളുപ്പവഴിയായി.
ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കുമായിരുന്നു. ഫോണുകൾ തിരിച്ചറിയാനും ആധികാരികമാക്കാനും നെറ്റ്‌വർക്കുകളെ സഹായിക്കുന്ന 15 അക്ക കോഡായ ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി നമ്പർ ഉപയോഗിച്ച് അന്വേഷണ ഏജൻസികൾക്ക് ഫോണുകളെ ട്രാക്ക് ചെയ്യാനും അനുവദിക്കുന്നു. സഞ്ചാർ സാഥി വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, 42.14 ലക്ഷം മൊബൈലുകൾ ബ്ലോക്ക് ചെയ്‌തെന്നും 26.11 ലക്ഷത്തിലധികം നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഹാൻഡ്‌സെറ്റുകൾ കണ്ടെത്തി.
ആപ്പിന്റെ മറ്റൊരു സവിശേഷത ഉപയോക്താക്കൾക്ക് അവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും കാണാനും ആവശ്യമില്ലാത്ത കണക്ഷൻ ഒഴിവാക്കാനും സഹായിക്കുന്നു. നിലവിൽ, ആപ്പിന് 1.14 കോടിയിലധികം പേർ രജിസ്ട്രർ ചെയ്തിട്ടുണ്ട്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഒരു കോടിയിലധികം ഡൗൺലോഡുകളും ആപ്പിൾ സ്റ്റോറിൽ നിന്ന് 9.5 ലക്ഷത്തിലധികം ഡൗൺലോഡുകളും ഇതിനോടകം നടന്നു.
പുതിയ നിർദ്ദേശം അനുസരിച്ച്, എല്ലാ മൊബൈൽ നിർമ്മാതാളോടും സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഉപയോക്താവ് ആദ്യമായി ഫോൺ ഓൺ ചെയ്യുമ്പോൾ ഈ ആപ്പ് ദൃശ്യമാണെന്നും ആക്സസ് ചെയ്യാൻ എളുപ്പമാണെന്നും ഉറപ്പാക്കണം. കൂടാതെ ആപ്പിന്റെ ഒരു ഫീച്ചറും നീക്കം ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ നിയന്ത്രിക്കാനോ കഴിയില്ലെന്നും ഉറപ്പാക്കണം.
പുതിയ ഉപകരണങ്ങളിൽ ആപ്പ് പൂർണ്ണമായും അവതരിപ്പിക്കാൻ സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് 90 ദിവസവും, കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കാൻ 120 ദിവസവും സമയം നൽകിയിട്ടുണ്ട്. ആപ്പിൾ, സാംസംഗ് മുതൽ ഷവോമി, ഓപ്പോ, വിവോ എന്നീ കമ്പനികൾക്ക് ഉത്തരവ് ബാധകമാണ്.
വിമർശനവുമായി പ്രതിപക്ഷം
സർക്കാരിന്റെ പുതിയ നിർദ്ദേശം ഒരു വിഭാഗത്തിൽ നിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്. ഈ നീക്കം ഭരണഘടനാ വിരുദ്ധമെന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. പൗരന്മാരെ സർക്കാർ നിരീക്ഷിക്കുന്നതിനുള്ള അവസരം തുറക്കുമെന്ന മുന്നറിയിപ്പും അവർ നൽകുന്നു. എന്നാൽ, ആപ്പ് ആരുടെയും സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യുന്നില്ലെന്നും നിയമവിരുദ്ധമോ വഞ്ചനാപരമോ നീക്കങ്ങൾ തടയുക എന്ന ലക്ഷ്യം മാത്രമാണെന്ന് സർക്കാർ പറയുന്നു. പ്രതിപക്ഷം ഈ വാദത്തെ അംഗീകരിക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |