
തിരുവനന്തപുരം: സൂര്യ ആർട്ട് ഫെസ്റ്റിവലിൽ പത്രവാർത്തകളെ വിഷയമാക്കി നടക്കുന്ന ചിത്രപ്രദർശനത്തിൽ അവയവദാനത്തിൻ്റെ സന്ദേശമുയർത്തി ഡോ. രാധിക രാധാകൃഷ്ണന്റെ പെൻസിൽ ചിത്രം ശ്രദ്ധേയമാകുന്നു. "പത്രം" എന്ന വിഷയത്തെ ആസ്പദമാക്കി തൈക്കാട് ഗണേശം ആർട്ട് ഗാലറിയിൽ സൂര്യയും ടിൻ്റ് അക്കാദമിയും സംഘടിപ്പിക്കുന്ന പ്രദർശനത്തിലാണ് തീരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി അസോസിയേറ്റ് പ്രൊഫസർ ഡോ.രാധിക രാധാകൃഷ്ണന്റെ ചിത്രം ശ്രദ്ധേയമാകുന്നത്.
മൈക്കൽ ആഞ്ചലോയുടെ വിഖ്യാത സൃഷ്ടിയായ "ആദത്തിൻ്റെ സൃഷ്ടി" (The creation of Adam") എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ഡ്രോയിംഗിൽ, ദൈവം മനുഷ്യന് ജീവൻ നൽകുന്നതിന് പകരം, ഒരു മരണപ്പെട്ട ദാതാവ് ഡയാലിസിസ് മെഷീനുമായി ബന്ധിപ്പിച്ച മറ്റൊരാൾക്ക് വൃക്ക നൽകുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അവയവം ദാനം ചെയ്യുന്നതിലൂടെ മരണപ്പെട്ട ദാതാവ് ദൈവത്തിന് തുല്യനാകുന്നുവെന്നും, "ദാതാവ് ദൈവമാണ് (Donor Is God)" എന്ന ശക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്.
വൃക്കരോഗ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്നയാൾ എന്ന നിലയിലാണ് ചിത്രകാരി അവയവദാനത്തിൻ്റെ മഹത്വം വിളിച്ചോതാനായി വൃക്കയും അവയവദാനവും തന്നെ തിരഞ്ഞെടുത്തത്. 2025 ഡിസംബർ 5 വരെ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് വരെയാണ് പ്രദർശന സമയം.ഈ കലാസൃഷ്ടിയും തുടർന്നുണ്ടാകുന്ന ചർച്ചകളും മരണാനന്തര അവയവദാനത്തെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് ഡോ രാധികയുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |