
ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്ക് അവസാനം. ഇമ്രാൻ ഖാനെ സഹോദരി ഡോ. ഉസ്മ ഖാൻ ജയിലിലെത്തി കണ്ടു. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഉസ്മ ഖാൻ സഹോദരനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായ പ്രശ്നങ്ങളില്ലെന്നും എന്നാൽ മാനസിക പീഡനം തുടരുകയാണെന്നും ഉസ്മ പറഞ്ഞു. പി.ടി.ഐ പ്രവർത്തകർക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകൾക്ക് ശേഷമാണ് അകത്തേക്ക് കടത്തിവിട്ടത്. ഒക്ടോബർ 27ന് ശേഷംആദ്യമായാണ് ഇമ്രാനെ കാണാൻ കുടുംബാംഗത്തിന് അനുമതി നൽകുന്നത്. കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി നിഷേധിച്ചതോടെ ഇമ്രാൻ മരിച്ചെന്നും അഭ്യൂഹം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് പി.ടി.ഐ പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.
കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ ജയിൽ അധികൃതർ അനുവദിക്കില്ലെന്ന് കാണിച്ച് ഇമ്രാൻ ഖാന്റെ മറ്റൊരു സഹോദരി അലീമ ഖാൻ നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു.
അതിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രാജ്യം വിട്ടു. ഫീൽഡ് മാർഷൽ അസിം മുനീർ സംയുക്ത സേനാ മേധാവിയായി (സി.ഡി.എഫ്) സ്ഥാനമേൽക്കുന്ന ഉത്തരവിൽ ഒപ്പിടാതിരിക്കാനാണ് ഷെഹബാസ് ഷെരീഫ് രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട്.. നവംബർ 29ന് മുനീർ പദവി ഏറ്റെടുക്കേണ്ടതായിരുന്നു. നവംബർ 26 മുതൽ ഷെഹ്ബാസ് വിദേശത്താണ്. ബഹറൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി ഇന്ത്യയുടെ മുൻ ദേശീയ സുരക്ഷാ ഉപദേശ ബോർഡ് അംഗം തിലക് ദേവാഷർ പറഞ്ഞു. നയതന്ത്ര ചർച്ചകൾക്കും ചികിത്സയിലുള്ള സഹോദരനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിനെ കാണാനും വേണ്ടിയാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസമാണ് മുനീറിനെ സംയുക്ത സേനാ മേധാവിയാക്കാനുള്ള ബിൽ പാർലമെന്റിൽ പാസായത്. കര, നാവിക, വ്യോമസേനകളുടെ പരമോന്നത സൈനിക കമാൻഡറായി മാറുന്ന മുനീറിന് ആജീവനാന്തം പദവിയും പ്രോസിക്യൂഷനിൽ നിന്ന് പ്രതിരോധവും ലഭിക്കും. ജനാധിപത്യ, ജുഡിഷ്യൽ വ്യവസ്ഥകളെ അട്ടിമറിച്ച് സൈനിക സ്വേച്ഛാധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |