തിരുവനന്തപുരം : ദുബായിൽ തനിക്കെതിരെയുണ്ടായ വ്യാജചെക്ക് കേസിന്റെ വാസ്തവം അറിഞ്ഞിട്ടും ചിലർ ചാനൽ ചർച്ചകളിലൂടെ കള്ളക്കഥകൾ പ്രചരിപ്പിച്ചെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പളി പറഞ്ഞു. ഗുരുദേവാനുഗ്രഹത്താൻ കേന്ദ്ര,സംസ്ഥാന സർക്കാരുകളും മാദ്ധ്യമങ്ങളും ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ അഞ്ചാംഘട്ട മൈക്രോഫിനാൻസ് വായ്പാവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ. .
ദുബായിലെ കമ്പനിയിൽ നിന്ന് 15വർഷം മുമ്പ് പങ്കാളിത്തം ഉപേക്ഷിച്ചതാണ്. നാസിൽ അബ്ദുള്ള നൽകിയ വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ ദുബായിൽ സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണ് ഉണ്ടായത്. അറസ്റ്റിലായി മൂന്നാം ദിവസം നിരപരാധിത്വം തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിക്കാൻ സാധിച്ചു. സഹായിക്കാൻ പലരും ഉണ്ടായിരുന്നു. അനധികൃതമായി ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ല. ദുബായിലെ നിയമ സംവിധാനത്തെ ആർക്കും സ്വാധീനിക്കാനും കഴിയില്ല. രേഖകളുടെ വാസ്തവം തിരിച്ചറിഞ്ഞാണ് കോടതി കേസ് തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.