
ചേർപ്പ് : കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊതുജനമദ്ധ്യത്തിൽ അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന്റെ വീട് നിർമ്മാണം പൂർത്തിയാകുന്നു. സി.പി.എം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 22ന് തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ചു. ഇക്കഴിഞ്ഞ സെപ്തംബർ 12 നാണ് പുള്ളിൽ കലുങ്ക് സംവാദത്തിനെത്തിയ സുരേഷ് ഗോപിയിൽ നിന്ന് ദുരനുഭവമുണ്ടായത്.
സുരേഷ്‌ഗോപിയുടെ പ്രവൃത്തിയോടുള്ള പ്രതിഷേധമെന്നോണം നിരവധിയാളുകൾ നിർമ്മാണ സാമഗ്രികളും പണവും സംഭാവന ചെയ്തു. മൂന്ന് മാസം തികയും മുമ്പേ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 600 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട് നിർമ്മാണം പൂർത്തിയാവുകയാണ്. നിലവിലുണ്ടായിരുന്ന ഓട് മേഞ്ഞ വീട് തെങ്ങുവീണ് തകർന്നതിനെ തുടർന്ന് സമീപത്ത് ഷീറ്റ് മേഞ്ഞ കുടിലിലായിരുന്നു രണ്ട് വർഷമായി കുടുംബം താമസിച്ചിരുന്നത്. കർഷക തൊഴിലാളിയാണ് വേലായുധൻ.
പ്രദേശത്തെ ബി.ജെ.പി പ്രവർത്തകർ വീട്ടിൽ വന്ന് പറഞ്ഞതനുസരിച്ചാണ് വീട് നിർമ്മാണത്തിന് അപേക്ഷ തയ്യാറാക്കിയെത്തിയത്. വലിയ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപിയെ കാണാൻ കൊച്ചുവേലായുധൻ പോയത്. എന്നാൽ നൽകിയ അപേക്ഷ തുറന്നുപോലും നോക്കാതെ തിരികെ നൽകി. ' ഇതൊന്നും എന്റെ പണിയല്ല' എന്ന സുരേഷ് ഗോപിയുടെ മറുപടി കേട്ട് അപമാനിതനായി ആൾക്കൂട്ടത്തിനിടയിലൂടെ കൊച്ചുവേലായുധൻ തിരികെപ്പോകുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു. സംഭവമറിഞ്ഞ് സെപ്തം. 14ന് കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ വീട് നിർമ്മിച്ച് നൽകുമെന്ന് ഉറപ്പുനൽകി. അടുത്തദിവസം പഴയ വീട് പൊളിച്ചുമാറ്റി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വീട് കൊച്ചുവേലായുധന് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |