
കീവ്: യുക്രെയിനിലെ ചെർണോബിൽ ആണവനിലയത്തിന് ചുറ്റും നിർമ്മിച്ചിട്ടുള്ള സംരക്ഷണ കവചത്തിന് ഡ്രോൺ ആക്രമണത്തിൽ കേടുപാട് സംഭവിച്ചെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി. ഫെബ്രുവരിയിലുണ്ടായ ഡ്രോൺ ആക്രമണമാണ് കവചത്തെ ബാധിച്ചതെന്ന് ഏജൻസി പറഞ്ഞു. ആണവ വികിരണങ്ങളെ തടഞ്ഞുനിറുത്താനുള്ള കവചത്തിന്റെ കഴിവിനെ ബാധിച്ചെന്നും പറഞ്ഞു.
ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയിൻ ആരോപിച്ചു. റഷ്യ ഇത് നിഷേധിച്ചു. ചെർണോബിൽ ആണവ ദുരന്തത്തിന്റെ ശേഷിപ്പായ നാലാം നമ്പർ റിയാക്ടറിനെയും റേഡിയോ ആക്ടീവ് വസ്തുക്കളെയും മൂടുന്ന ആർക് രൂപത്തിലെ ഭീമൻ സ്റ്റീൽ ഘടനയാണ് ന്യൂ സേഫ് കൺഫൈൻമെന്റ് (എൻ.എസ്.സി) എന്നറിയപ്പെടുന്ന സംരക്ഷണ കവചം.
കവചത്തിന് അറ്റക്കുറ്റപ്പണി ആവശ്യമാണെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. അതേ സമയം, കവചത്തിലെ നിരീക്ഷണ സംവിധാനങ്ങൾക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 2022ൽ റഷ്യ-യുക്രെയിൻ യുദ്ധം തുടങ്ങിയത് മുതൽ ചെർണോബിൽ ആണവനിലയത്തിന്റെ സുരക്ഷ ചർച്ചാവിഷയമാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തത്തിന്റെ വേദിയാണ് ചെർണാബിൽ. 1986 ഏപ്രിൽ 26നാണ് പ്രിപ്യാറ്റ് നഗരത്തിന് സമീപമുള്ള ചെർണോബിൽ ആണവോർജ്ജ പ്ലാന്റിന്റെ നാലാം നമ്പർ റിയാക്ടറിൽ ഭീകരമായ പൊട്ടിത്തെറിയുണ്ടായത്. യുക്രെയിൻ അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു.
അപകടത്തിൽ രണ്ട് ജീവനക്കാർ തത്ക്ഷണവും 28 ഓളം ജീവനക്കാർ അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം ബാധിച്ച് ആഴ്ചകൾക്കുള്ളിലും മരിച്ചിരുന്നു. റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്നതോടെ ടൺകണക്കിന് റേഡിയോ ആക്ടിവ് പദാർത്ഥങ്ങളാണ് പുറത്തേക്ക് വന്നത്.
ഇത് ഏകദേശം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെട്ടപ്പോൾ ഉണ്ടായതിനേക്കാൾ ഏകദേശം 400 മടങ്ങാണ്. കുറഞ്ഞത് 4,000 പേരെങ്കിലും ദുരന്തത്തിന് ശേഷം റേഡിയേഷൻ മൂലമുണ്ടായ കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ച് മരിച്ചെന്നാണ് കണക്കുകൾ. എന്നാൽ, ഇത് 60,000 വരെയാണെന്നും വാദമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |