
ന്യൂഡൽഹി : ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ അടങ്ങിയ കാർഡ് ഓരോ പൗരനും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ആവശ്യമായി വരാറുണ്ട്. ആധാർ കാർഡിൽ ഉടമയുടെ ജനനത്തീയതി, ബയോ മെട്രിക് വിവരങ്ങൾ അടങ്ങിയിരിക്കുന്നു. സർക്കാർ ആനുകൂല്യങ്ങൾക്കും മറ്റ് ഔദ്യോഗിക ജോലി ലഭിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകൾക്കും ആധാർ അത്യന്താപേക്ഷിതമാണ്. ഇപ്പോഴിതാ ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ട് ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ),
ഇനി മുതൽ മറ്റൊരാളുടെ ആധാർ കാർഡ് ഫോട്ടോകോപ്പി എടുത്ത് വയ്ക്കാൻ പാടില്ല. രേഖകളുടെ വെരിഫിക്കേഷൻ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങൾ എല്ലായിടത്തും നടപ്പാക്കുമെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ ഭുവനേഷ് കുമാർ വ്യക്തമാക്കി. നിയന്ത്രണം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. ഹോട്ടൽ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ സേവനങ്ങൾ ലഭിക്കണമെങ്കിൽ ആധാറിന്റെ ഫോട്ടോ കോപ്പി മിക്കയിടങ്ങളിലും ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നത്. പുതിയ നിയന്ത്രണം ഡാറ്റാ ചോർച്ചയ്ക്കുള്ള സാദ്ധ്യത ഗണ്യമായി കുറയ്ക്കുന്നു. മറ്റൊരാളുടെ ആധാർ കാർഡിന്റെ കോപ്പി കൈവശം വയ്ക്കുന്നത് ആധാർ നിയമത്തിന്റെ ലംഘനമായി കണക്കാക്കുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മറ്റൊരാളുടെ ആധാർ കാർഡ് ഫോട്ടോ കോപ്പിയെടുക്കുന്ന ആളുകൾക്കും കമ്പനികൾക്കും എതിരെ കർശന നടപടിയുണ്ടാകുമെന്നും ഭുവനേഷ് കുമാർ അറിയിച്ചു. ഹോട്ടലുകളും മറ്റ് സ്വകാര്യ കമ്പനികളും ഉൾപ്പെടെ ആധാർ പരിശോധന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ അധിഷ്ഠിത ആധാർ പരിശോധന നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ആധാർ വെരിഫിക്കേഷന് വേണ്ടി പുതിയ ആപ്പ് നിർമ്മിക്കുന്നതിനായുള്ള ശ്രമത്തിലാണ് യു.ഐ.ഡി.എ.ഐ. വിമാനത്താവളങ്ങൾ, ഷോപ്പുകൾ, ഹോട്ടലുകൾ തുടങ്ങിയ പ്രായം സ്ഥിരീകരിക്കേണ്ടതായ സ്ഥലങ്ങളിലെല്ലാം ഉപയോക്ത- സൗഹൃദപരമായാണ് ഈ ആപ്പിന്റെ നിർമ്മാണം 18 മാസത്തിനുള്ളിൽ ആപ്പ് പൂർണമായും ഉപയോക്താക്കൾക്കിടയിൽ പരിചിതനമാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. സ്വന്തമായി മൊബൈൽ ഫോണില്ലാത്ത കുടുംബാംഗങ്ങളുടെ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്താനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |