
പാലക്കാട്: മറ്റൊരു അവധിക്കാലത്തെക്കൂടി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. പക്ഷേ ട്രെയിന്‍ ടിക്കറ്റിന്റെ കാര്യത്തില്‍ ഒരു മാറ്റവുമില്ല. ഇത്തവണയും മറുനാടന്‍ നഗരങ്ങളില്‍ നിന്ന് നാട്ടിലേക്കെത്താന്‍ റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നതും കാത്തിരിപ്പാണ് അന്യനാടുകളിലുള്ള മലയാളികള്‍. ക്രിസ്മസ് അവധിക്കാലത്ത് ഡിസംബര്‍ 19 മുതല്‍ 24 വരെയുള്ള തീയതികളില്‍ കേരളത്തിലേക്കുള്ള ഒരു ട്രെയിനിലും ബംഗളൂരു നഗരത്തില്‍ നിന്ന് ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്.
വെയ്റ്റിംഗ് ലിസ്റ്റില്‍ പോലും ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ് മലബാറിലേക്കും തെക്കന്‍ കേരളത്തിലേക്കും. റിസര്‍വേഷന്‍ ബാക്കിയുള്ള തീവണ്ടികളിലും സ്ലീപ്പര്‍ ക്ലാസുകളില്‍ നില വെയിറ്റിങ് ലിസ്റ്റ് 200-ന് മുകളിലാണ്. സ്വകാര്യ ബസ് ലോബികള്‍ പതിവ് പോലെ കഴുത്തറുപ്പന്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കാനിരിക്കെ സ്‌പെഷ്യല്‍ ട്രെയിന്‍ എന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് യാത്രക്കാര്‍. ബംഗളൂരുവില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള ഐലന്‍ഡ് എക്സ്പ്രസില്‍ (16526) ഡിസംബര്‍ 19 മുതല്‍ 24 വരെ റിസര്‍വേഷന്‍ തീര്‍ന്നു.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 'റിഗ്രറ്റ്' എന്നാണ് കാണിക്കുന്നത്. ഈ ട്രെയിനില്‍ 25-ന് റിസര്‍വേഷന്‍ സ്ഥിതി വെയിറ്റിംഗ് ലിസ്റ്റ് 150-ന് മുകളിലാണ്. അതേസമയം, ഡിസംബര്‍ 26, 27 തീയതികളിലേക്കുള്ള റിസര്‍വേഷനും തീര്‍ന്നു. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം നോര്‍ത്തിലേക്ക് സര്‍വീസ് നടത്തുന്ന ഹംസഫര്‍ എക്സ്പ്രസിലും 19-ാം തീയതിയിലേക്കുള്ള റിസര്‍വേഷന്‍ ഇതിനോടകം തീര്‍ന്നുവെന്ന സന്ദേശമാണ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണിക്കുന്നത്.
അവധിക്കാലത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നതിനൊപ്പം നിലവില്‍ സര്‍വീസ് നടത്തുന്ന എറണാകുളം സൗത്ത് - ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകള്‍ താത്കാലികമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |