
ഗുരുവായൂർ: ലോറിയും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ചതിനെ തുടർന്ന് യന്ത്രക്കൈ തട്ടി ബസ് കാത്തുനിന്നിരുന്ന സ്ത്രീ മരിച്ചു. പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ പരേതനായ തേർളി രഘുവിന്റെ ഭാര്യ ഗിരിജയാണ് (56) മരിച്ചത്.
ചൂൽപ്പുറം കമ്പനിപ്പടി സ്റ്റോപ്പിൽ ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു.
ഗിരിജയ്‌ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി വിജയലക്ഷ്മി കാനയിലേക്ക് ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്കിൽ വന്ന കുന്നംകുളത്തെ ചുമട്ടു തൊഴിലാളി പുത്തമ്പല്ലി വാഴപ്പുള്ളി ശരത്തിനും (35) യന്ത്ര കൈയിൽ തട്ടി പരിക്കേറ്റു.
മുതുവട്ടൂർ കാജ ചായ കമ്പനിയിലെ പാക്കിംഗ് തൊഴിലാളിയായ ഗിരിജ ജോലിക്ക് പോകാനായി ബസ് കാത്തു നിൽക്കുകയായിരുന്നു. കമ്പനിപ്പടി റോഡിൽ നിന്നു ചാവക്കാട് - കുന്നംകുളം പ്രധാന പാതയിലേക്ക് കയറിയ മണ്ണുമാന്തി യന്ത്രവും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ കൈയുടെ ഭാഗം ഗിരിജയുടെ ദേഹത്ത് വന്നിടിച്ചു. മതിലിലിനും മണ്ണുമാന്തി യന്ത്രത്തിന്റെ കൈക്കും ഇടയിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു ഗിരിജ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരത്തിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടിവീണ് ഡീസൽ റോഡിൽ പരന്നൊഴുകി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അഗ്‌നിരക്ഷാ സേനയെത്തി റോഡ് വൃത്തിയാക്കി. മരിച്ച ഗിരിജയുടെ മക്കൾ: രാഖി, രമ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |